കോട്ടയം: ഏതുപ്രായത്തിലായാലും കുട്ടികളെ ഹെൽമെറ്റില്ലാതെ മുന്നിലോ പിന്നിലോ ഇരുത്തി ഇരുചക്രവാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക: മോട്ടോർ വാഹന വകുപ്പ് നിങ്ങളെ പിടികൂടാം. മൂവായിരം രൂപ പിഴയുമീടാക്കാം. വീട്ടിൽ നിന്ന് ബൈക്കെടുത്ത് പുറത്തേയ്ക്ക് പോകാൻ ഒരുങ്ങുമ്പോൾ പിന്നിൽ നിന്നുയരുന്ന ശാഠ്യം പിടിച്ചുള്ള കുഞ്ഞിക്കരച്ചിൽ ഇനി അവഗണിക്കുകയേ മാർഗമുള്ളൂ. കുട്ടികൾക്ക് യോജിച്ച ഹെൽമെറ്റ് ഇല്ലെങ്കിൽ, അവരെക്കൂട്ടാതെ തന്നെ ബന്ധുവീട്ടിലായാലും കല്ല്യാണത്തിനായാലും പോവുകയേ മാർഗമുള്ളൂ. സുരക്ഷയെക്കരുതി ഇക്കാര്യത്തിൽ വിട്ടു വീഴ്ചയ്ക്കില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്.
കുട്ടികളുമായി ബൈക്കിൽ പായുന്നവരെ ഉപദേശിച്ചിട്ടും പ്രയോജനമില്ലാതായതോടെയാണ് നിയമ നടപടിയുമായി ഇറങ്ങുന്നത്. വണ്ടി തട്ടിയാലോ പെട്ടെന്ന് ബ്രേക്കിട്ടാലൊ തെറിച്ച് വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കുകയാണ് ലക്ഷ്യം. ഉപദേശിക്കുമ്പോൾ തലയാട്ടി കാര്യങ്ങൾ സമ്മതിക്കുന്നവർ വീണ്ടും കുട്ടികളുമായി നിരത്തിലൂടെ പായുകയാണ്.
നിയമം പറയുന്നത്
സുരക്ഷിത യാത്ര ഓരോ കുട്ടിയുടെയും അവകാശം
കുട്ടികൾ ഹെൽമെറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
സുരക്ഷിതമല്ലാതെ കുട്ടികളെ കൊണ്ടുപോകരുത്
ഹെൽമെറ്റില്ലാതെ
കുട്ടിയെ
കൊണ്ടുപോയാൽ
പിഴ 3000രൂപ
ഇരുചക്ര വാഹനങ്ങളിൽ അപകടകരമായ രീതിയിൽ കുട്ടികളുമായി പോകുന്നത് പതിവ് കാഴ്ചയാണ്. കുട്ടികൾ ഉറങ്ങിപ്പോകാനും വീഴാനും സാദ്ധ്യത കൂടുതലാണ്. മുന്നിലിരുന്ന് ഉറങ്ങുന്ന കുട്ടിയെ ഒരുകൈ കൊണ്ട് ചേർത്ത് പിടിച്ച് അപകടകരമായി വണ്ടിയോടിക്കുന്നവരെയും കണ്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കടുത്ത നടപടിയെടുക്കും''
ആർ.ടി.ഒ, കോട്ടയം