പ്രദേശത്തെ യാത്രാ ക്ലേശത്തിന് പരിഹാരമാകുന്നു
കോട്ടയം : ബി.എം.ബി.സി നിലവാരത്തിൽ ഇല്ലിക്കൽ - തിരുവാർപ്പ് റോഡിന്റെ ടാറിംഗ് ആരംഭിച്ചു. വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന റോഡാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ടാർ ചെയ്‌ത് ഗതാഗത യോഗ്യമാക്കുന്നത്. തിരുവാർപ്പ് ശ്രീകൃഷ്‌ണസ്വാമിക്ഷേത്രം, കാഞ്ഞിരം, മലരിക്കലിലെ വിനോദ സഞ്ചാര കേന്ദ്രം എന്നിവിടങ്ങളിലേയ്‌ക്കുള്ള പ്രധാന റോഡാണിത്.
തറ നിരപ്പിൽ നിന്ന് രണ്ട് അടി ഉയർത്തിയാണ് ടാറിംഗ്. കാലവർഷത്തിൽ റോഡ് വെള്ളത്തിൽ മുങ്ങുന്നത് പതിവായിരുന്നു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെടും. ജലനിരപ്പ് താഴുമ്പോൾ റോഡ് പൂർണമായും തകരുന്ന കാഴ്ചയായിരുന്നു. കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ മുൻകൈ എടുത്താണ് റോഡ് നവീകരണത്തിന് പദ്ധതി തയ്യാറാക്കിയത്.
സഞ്ചാരികൾക്കും ദുരിതം
മലരിക്കലിലെ വിനോദസഞ്ചാര കേന്ദ്രത്തിലെ ആമ്പൽ വസന്തം കാണാൻ സീസണിൽ നൂറുകണക്കിന് ആളുകളാണ് ഇതുവഴി എത്തുന്നത്. റോഡ് തകർന്ന് കിടന്നതിനാൽ സഞ്ചാരികൾക്കും ദുരിതമായിരുന്നു. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ ഇതുവഴിയുള്ള ഗതാഗത പ്രശ്‌നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.