കോട്ടയം: റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ കുമരകത്തെ കാർഷിക സർവകലാശാലയുടെ പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ രണ്ടു വേദികളിലായി നടക്കും. രാവിലെ എട്ടിന് രജിസ്‌ട്രേഷൻ. പത്തിന് പ്രകൃതി സംരക്ഷക സാലു മറാഡ തിമ്മക്ക ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. മുഖ്യരക്ഷാധികാരി മുൻ എം.എൽ.എ വി.എൻ വാസവൻ അദ്ധ്യക്ഷത വഹിക്കും. ജൂറി ചെയർമാൻ മറാത്തി സംവിധായിക സുമിത്ര ഭാവേ മുഖ്യാതിഥിയായിരിക്കും. പ്രകൃതി പുരസ്‌കാരം സാലു മറാഡ തിമ്മക്കയ്‌ക്ക് ഫെസ്റ്റിവൽ കമ്മിറ്റി ചെയർമാൻ കെ.സുരേഷ് കുറുപ്പ് എം എൽ എ സമ്മാനിക്കും. കോട്ടയം ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം പ്രശസ്ത സംവിധായകൻ ജി. അരവിന്ദന്റെ പത്നി കൗമുദി അരവിന്ദൻ നിർവഹിക്കും. ചൈനയുടെ പുതുവർഷ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള ആദരവ് പ്രകടിപ്പിച്ച് 11 ന് 11 മിനിറ്റ് നീളമുള്ള ചെനീസ് ചിത്രം 'മൗണ്ടൻ ഓഫ് സിൽവർ ആൻഡ് ഗോൾഡ്" നടനും സംവിധായകനുമായ രഞ്ജി പണിക്കർ അവതരിപ്പിക്കും. ഓസ്ട്രേലിയൻ സംവിധായകൻ ഡെമോൺ ഗേമുവിന്റെ ചിത്രം '2040" ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. വനം വന്യജീവി ഫോട്ടോഗ്രാഫറായ ഡോ.അപർണയുടെ ഫോട്ടോകളുടെ പ്രദർശനം 11.15 ന് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ല മുത്തു ഉദ്ഘാടനം ചെയ്യും. രണ്ടാം വേദിയായ അഷ്ടമുടിയിൽ ,11.30 ന് വന്യ ജീവി ഫിലിം മേക്കറായ സുബ്ബയ്യ നല്ലമുത്തുവിന്റെ ചിത്രങ്ങളുടെ റിട്രോസ്‌പെക്ടീവ് ഉദ്ഘാടനം ചെയ്യും. സുബ്ബയ്യ നല്ല മുത്തുവിന്റെ വേൾഡ് മോസ്റ്റ് ഫേമസ് ടൈഗർ എന്ന ചിത്രം വേദിയിൽ പ്രദർശിപ്പിക്കും.
ഉച്ചയ്ക്ക് ഒന്നരയ്‌ക്ക് കോട്ടയം പ്രസ് ക്ലബിലെ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ സാലു മറാഡ തിമ്മക്കയുമായി മുഖാമുഖം നടക്കും. 24ന് രാത്രി ഏഴിന് കായലോരത്തെ തുറന്ന സ്‌ക്രീനിൽ ലബനൻ സംവിധായകൻ ഖ്വാലിദ് മോനസിന്റെ ഷോട്ട് ഫിലിം ' ദ റൈഫിൾ ദ ജക്കാൾ ദ വൂൾഫ് ആൻഡ് ദ ബോയി" എന്ന ചിത്രം പ്രദർശിപ്പിക്കും. തുടർന്ന് അതിഥികൾക്കായി കലാപരിപാടികൾ വേദിയിൽ അരങ്ങേറും.

മൂന്നു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിവലിൽ ആകെ എഴുപത് ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മത്സരവിഭാഗത്തിൽ 12 ഫീച്ചർ ലെങ്ങ്ത്ത് ഡോക്യുമെന്ററികളും, കഥാവിഭാഗത്തിൽ അഞ്ചു ചിത്രങ്ങളും , ഹ്രസ്വ ചിത്ര വിഭാഗത്തിൽ 12 ചിത്രങ്ങളും മത്സരത്തിനുണ്ട്. ഇത് കൂടാതെ കേരളത്തിലെ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾ നിർമ്മിച്ചിട്ടുള്ള ഇരുപത് പരിസ്ഥിതി ചിത്രങ്ങളും, പൊതുവിഭാഗത്തിൽ നിന്നുള്ള നാലു ചിത്രങ്ങളും മത്സര വിഭാഗത്തിൽ പങ്കെടുക്കും. സുബ്ബയ്യ നല്ല മുത്തുവിന്റെ റിട്രോസ്പെക്ടീവ് വിഭാഗത്തിൽ ആറു സിനിമകളും, ചൈനാ യൂത്ത് ഫിലിം പ്രോജക്ടിന്റെ ഭാഗമായുള്ള 21 ചിത്രങ്ങളും, ബീജിങ് ഫിലിം അക്കാദമിയിലെ ചലച്ചിത്ര വിദ്യാർത്ഥികളും നിർമ്മിച്ചിട്ടുള്ള നാലു ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.