രാമപുരം : ടൗണിലെ ദിവ്യ ഹോട്ടലിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് അന്വേഷണം തുടങ്ങി. വിഷബാധയേറ്റവരിൽ നിന്ന് മൊഴിയെടുത്ത പാലാ ഭക്ഷ്യസുരക്ഷാ ഓഫീസർ യമുനാ കുര്യൻ, ഇവരെ ചികിത്സിച്ച കടനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. യശോധരനിൽ നിന്നും തെളിവുകൾ ശേഖരിച്ചു. ഹോട്ടലിലെത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച ഉദ്യോഗസ്ഥർ വൃത്തിഹീനമായ അടുക്കളയും പരിസര പ്രദേശങ്ങളും നേരിട്ടുകണ്ടു. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് ഭക്ഷസുരക്ഷാ വകുപ്പ് കോട്ടയം അസി. കമ്മിഷണർക്കു സമർപ്പിച്ചെന്ന് യമുനാ കുര്യൻ പറഞ്ഞു. ഭക്ഷണ സാധനങ്ങളുടെ ലാബ് റിപ്പോർട്ട് ലഭിച്ചാലുടൻ ഹോട്ടലിനെതിരെ വകുപ്പ് തല നടപടികളുണ്ടാവുമെന്നും അധികൃതർ പറഞ്ഞു. പുളിക്ക് പകരം സാമ്പാറിൽ ചേർത്ത ആസിഡാകാം ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്ന് ലക്ഷണങ്ങളിൽ സൂചിപ്പിക്കുന്നതായി വിഷബാധയേറ്റവരെ ചികിത്സിച്ച ഡോ. യശോധരൻ വ്യക്തമാക്കിയിരുന്നു.