boat

കോട്ടയം: വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചാൽ കത്തി നശിക്കുകയല്ലാതെ മറ്റൊരു വഴിയില്ല. കാരണം കുമരകത്ത് ഇപ്പൊഴും ഫയർസ്റ്റേഷനില്ല.

ഇന്നലെ കുമരകത്ത് നിന്ന് യാത്ര പോയ ഹൗസ് ബോട്ടിന് തീ പിടിച്ച് വേമ്പനാട്ട് കായലിൽ കത്തിയമർന്നു. ഒരു ഡസനിലേറെ സഞ്ചാരികൾ കായലിൽ വീണെങ്കിലും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം.

കുമരകത്ത് കാർഷിക സർവകലാശാല വളപ്പിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് മുൻപ് തീരുമാനിച്ചിരുന്നു. പ്രാരംഭ ചർച്ചകൾ നടന്നെങ്കിലും ഫയർസ്റ്റേഷൻ യാഥാർത്ഥ്യമായില്ല. കരയിൽ മൂന്നു ഡസനോളം വൻകിട റിസോർട്ടുകളും കായലിൽ ഇരുനൂറോളം ഹൗസ് ബോട്ടും ശിക്കാര വള്ളങ്ങളുമുണ്ട്. കായലിൽ നിന്ന് ശക്തമായ കാറ്റുള്ളതിനാൽ തീപടരാൻ സാദ്ധ്യത ഏറെ. ഇടതു, വലതു സർക്കാരുകൾ മാറി മാറി ഭരിച്ചിട്ടും, മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയുമടക്കം മന്ത്രിമാരുടെ പട കോട്ടയത്ത് നിന്ന് ഉണ്ടായിട്ടും ഫണ്ട് അനുവദിക്കാൻ ആരും മെനക്കെട്ടില്ല.

ഒരു സിഗററ്റ് വലിച്ച് കുറ്റി അലക്ഷ്യമായിട്ടാൽ പനമ്പ് മേഞ്ഞ ഹൗസ് ബോട്ടിന് തീ പിടിക്കും. കായലിൽ ശക്തമായ കാറ്റുള്ളതിനാൽ പെട്ടെന്ന് പടരും. കത്തി നശിച്ച് കായലിൽ താഴും. മത്സ്യ തൊഴിലാളികളും മറ്റു വള്ളങ്ങളും ബോട്ടുകളും കായലിൽ ഉള്ളതിനാലാണ് പകൽസമയം ഹൗസ് ബോട്ടുകൾക്ക് പല തവണ തീ പിടിച്ചിട്ടും വൻദുരന്തമാകാതിരുന്നത്. രാത്രിയിലാണ് തീ പിടിത്തമെങ്കിൽ അത്യാഹിതം ഏതു തരത്തിലാകുമെന്ന് പ്രവചിക്കാനാവില്ല.

ഷോർട്ട് സർക്യൂട്ടു മൂലമോ, അടുക്കളയിൽ നിന്നോ ആണ് സാധാരണ ഹൗസ് ബോട്ടിൽ തീ പടരുക. സഞ്ചാരികളുടെ അശ്രദ്ധയും കാരണമാവാം. അടുക്കളയിലെ തീ പിടിത്തം വ്യാപകമായതോടെ പനമ്പിന്റെ ഇരു വശങ്ങളിലും അലുമിനിയം തകിട് അടിക്കണമെന്ന കർശന നിർദ്ദേശം സർക്കാർ നൽകിയിരുന്നു. അലുമിനിയം ഷീറ്റ് അടിച്ചാൽ ഭംഗി പോകുമെന്നതിനാൽ പല ബോട്ടുടമകളും നിർദേശം പാലിക്കുന്നില്ല.

സ്പീഡ് ബോട്ടിൽ എത്താൻ കഴിയുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ഫയർ സ്റ്റേഷൻ കുമരകത്ത് അത്യാവശ്യമാണ് . ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ ഉണ്ടാകണം. ടൂറിസം സീസണായി. ഇനി ചൂട് കൂടുതലുള്ള മാസങ്ങളാണ്. തീ പിടിക്കാതിരിക്കാൻ സഞ്ചാരികളും ജീവനക്കാരും ശ്രദ്ധിക്കണം.

അനീഷ്, ഹൗസ് ബോട്ടുടമ