വൈക്കം : രണ്ട് പേരെ മനുഷ്യ ബോംബാക്കി ആരോ വിട്ടതാണെന്നും ,അതാരാണെന്ന് അന്വേഷിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തനിക്കെതിരെ സുഭാഷ് വാസുവും ടി.പി.സെൻകുമാറും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'സെൻകുമാർ ഉൾപ്പെടെയുള്ളവർ എന്നോട് എന്തെല്ലാം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചാൽ അറിയാം. സെൻകുമാറിന് വിവരമില്ല. പൊതു പ്രവർത്തനത്തിന്റെ ബാലപാഠം ആദ്യ പഠിക്കണം. സ്വയം നശിക്കുന്നതോടൊപ്പം ബാക്കിയുള്ളവരെയും നശിപ്പിക്കാനാണ് ശ്രമം. ഏലക്കാ കൊണ്ട് ആനയെ എറിഞ്ഞിട്ട് കാര്യമില്ല. രാജാവിനെയും രാജ്ഞിയെയും കൊണ്ടല്ലേ ഈ പിരിവെല്ലാം നടത്തിയത്. രാജാവാകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ വേരു പറിക്കുമെന്നാണ് പറയുന്നത്. ഈ പറയുന്നവരെ പറിച്ചു കളഞ്ഞിട്ട് ആരും ചോദിക്കാനുണ്ടായില്ല. യോഗത്തിന്റെ എല്ലാ യൂണിയനുകളും എനിക്കൊപ്പമാണ്. യൂണിയനുകളെല്ലാം അത് പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കിക്കഴിഞ്ഞു.കായംകുളത്തെ കോളേജിന്റെ പേര് മാ​റ്റുന്നതിൽ സന്തോഷമേയുള്ളൂ. കോളേജിന്റെ നിലവിലെ പേര് എനിക്ക് തന്നെ അപമാനമാണ്. കള്ള ഒപ്പിട്ട് കോടികളുടെ അഴിമതിയാണ് അവിടെ നടത്തിയിട്ടുള്ളത്. കോടതി വഴി നോട്ടീസ് നൽകിക്കഴിഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയമില്ല. ഒരു പാർട്ടിയെയും വളർത്താനും തളർത്താനും യോഗം ഇല്ല'- വെള്ളാപ്പള്ളി പറഞ്ഞു.