ഈരാറ്റുപേട്ട : പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന പതിനൊന്നാം വാർഡിലെ കരിമല ആരാംപുളി പ്രദേശത്ത് 35 ലക്ഷം രൂപ ചെലവഴിച്ച് തുടങ്ങിയ കുടിവെള്ള പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. 2008 ലാണ് പദ്ധതിക്ക് രൂപം നൽകിയത്. അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായ മോഹൻ തോമസിന്റെ പ്രാദേശികവികസന പദ്ധതിയിൽ നിന്ന് 12 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ആരാംപുളി ഭാഗത്ത് സ്വകാര്യ വ്യക്തി സംഭാവനയായി നൽകിയ 5 സെന്റ് സ്ഥലത്ത് കുളവും കുഴിച്ചു. കരിമല മുകളിൽ ടാങ്ക് നിർമ്മിക്കുന്നതിനും പൈപ്പിടുന്നതിനു മായി പി.സി.ജോർജ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് രണ്ടുതവണ കളിലായി അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് കരിമലയ്ക്ക് മുകളിൽ പതിനായിരം ലിറ്റർ സംഭരണ ശേഷിയുള്ള 5 വാട്ടർ ടാങ്കുകളും, പമ്പിംഗ് ലൈൻ ഉൾപ്പെടെയുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നു.

പ്രശ്നത്തിന്റെ തുടക്കം ഇവിടെ

ചെങ്കുത്തായ 2 കിലോമീറ്റർ മുകളിൽ സ്ഥിതി ചെയ്യുന്ന കരിമലയ്ക്ക് മുകളിലെ ടാങ്കുകളിലേക്ക് വെള്ളം കയറ്റി പമ്പിംഗ് ചെയ്യാനുള്ള ശ്രമം വിഫലമായതിനെ തുടർന്ന് കോൺട്രാക്ടറും പദ്ധതി കൺവീനറും പദ്ധതി കൈയൊഴിയുകയായിരുന്നു. ഇതിനിടയിൽ പദ്ധതിക്കായി പണി തീർത്തിട്ടുള്ള കുളത്തിൽ പമ്പിംഗ് നടത്താനുള്ള വെള്ളം ലഭിക്കില്ലെന്ന സംശയത്തെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് തൊട്ടടുത്തുള്ള വെട്ടിക്കുളം തോട്ടിൽ കുളംകുഴിപ്പിച്ചു. കാലവർഷത്തിൽ കുളം നികന്നു പഴയ രീതിയിൽ തോട് രൂപം പ്രാപിച്ചു.

കാട്ടുപന്നികളുടെ വിഹാരകേന്ദ്രം

ആരും തിരിഞ്ഞ് നോക്കാതായതോടെ വാട്ടർടാങ്കുകൾ ചൂടേറ്റും കാട്ടുപന്നികൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചും തീർത്തും ഉപയോഗശൂന്യമായ നിലയിലാണ്. വേനൽക്കാലത്ത് പ്രദേശത്ത് ഇപ്പോഴും കുടിവെള്ളക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിൽ തന്നെ ലക്ഷങ്ങൾ ചെലവിട്ട് നടക്കാതെ പോയ അഞ്ചോളം പദ്ധതികൾ വേറെയുമുണ്ട്.

''

പദ്ധതി യാഥാർത്ഥ്യമായാൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി പരക്കം പായേണ്ട സ്ഥിതിയുണ്ടാകില്ലായിരുന്നു. ഇനിയെങ്കിലും അധികൃതർ ഇതിനായി മനസ് കാണിക്കണം."

-രാജപ്പൻ, പ്രദേശവാസി

പദ്ധതി ആരംഭിച്ചത് : 2008

എം.എൽ.എ ഫണ്ട് : 20 ലക്ഷം

പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള 5 വാട്ടർടാങ്കുകൾ