ചങ്ങനാശേരി: ദിനംപ്രതി വർദ്ധിക്കുന്ന ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണ് ചങ്ങനാശേരിയും പരിസരപ്രദേശങ്ങളും. പെരുന്നയിലാണ് സ്ഥിതി രൂക്ഷം. സെൻട്രൽ ജംഗ്ഷൻ, പെരുന്ന രാജേശ്വരി കോംപ്ലക്സ്, പെരുന്ന റെഡ് സ്‌ക്വയർ, മുഖ്യ തപാലോഫീസ് കവല എന്നിവിടങ്ങളിൽ പതിവുപോലെ കഴിഞ്ഞ ദിവസവും ഗതാഗതക്കുരുക്കിൽപ്പെട്ട് വാഹന-കാൽനട യാത്രികർ നട്ടം തിരിഞ്ഞു. ഏറെ നേരം കാത്തുകിടന്നെങ്കിൽ മാത്രമേ, ഈ പ്രദേശങ്ങൾ മറികടന്നുപോകാൻ സാധിക്കൂ. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്കും ഏറെ പണിപ്പെടേണ്ടി വരുന്നു. ഈ കുരുക്കിലൂടെ വാഹനമോടിക്കേണ്ടതിനാൽ ഓട്ടം വിളിച്ചാൽ വരാൻ ഓട്ടോറിക്ഷ ഡ്രൈവർമാർ മടിക്കുന്നതായി യാത്രക്കാർ പറയുന്നു. വാഹനാപകടവും നിത്യസംഭവമായി മാറി. ഇതിനിടെ രോഗികളെയും കൊണ്ടുവരുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽപ്പെടുന്നതും പതിവാണ്.
കാൽനടക്കാരുടെ കാര്യവും കഷ്ടത്തിലാണ്
എംസി റോഡിൽ മതുമൂല മുതൽളായിക്കാടുവരെ വാഹനങ്ങളുടെ നീണ്ടനിരയാണ് പലപ്പോഴും ഉണ്ടാകുന്നത്. കാൽനടക്കാർ പ്രത്യേകിച്ചും പ്രായമേറിയവർ ഏറെ ബുദ്ധിമുട്ടിയാണ് ഈ തിരക്ക് മറികടന്ന് റോഡിനപ്പുറമെത്തുന്നത്. റോഡിന്റെ ഇരുവശവുമുള്ള അനധികൃത പാർക്കിംഗാണ് കാൽനടക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. അതുകൊണ്ട് തന്നെ റോഡിലേക്കിറങ്ങി നടക്കേണ്ട ഗതികേടിലാണ് ഇവർ. വൈകുന്നേരം മുതൽ തട്ടുകടകൾ റോഡിലേക്കിറക്കി കച്ചവടം നടത്തുന്നതായും പരാതിയുണ്ട്.
സമ്മേളനങ്ങൾ സമ്മാനിക്കുന്നത്...
സമ്മേളനങ്ങൾ നടക്കുന്ന ദിവസം ഗതാഗതക്കുരുക്ക് അതിരൂക്ഷമാണെന്നാണ് ആക്ഷേപം.
ട്രാഫിക് സിഗ്നലുകൾ തകർന്നു
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൽ അധികൃതർ അലംഭാവം പുലർത്തുന്നതായി യാത്രക്കാർ. സെൻട്രൽ ജംഗ്ഷനിലെ ട്രാഫിക് സിഗന്‌ലുകൾ വാഹനമിടിച്ച് തകർന്നിട്ട് ആഴ്ച്ചകൾ പിന്നിട്ടിട്ടും നാളിതുവരെയായി പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാത്തത് അധികൃതരുടെ നിസംഗതയുടെ ഉത്തമ ഉദാഹരണമായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു