കോട്ടയം : നിയമസഭാ ഉപതിരെഞ്ഞെടുപ്പ് കാലത്ത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പി.ജെ.ജോസഫ് ഉന്നയിച്ചിട്ടും യു.ഡി.എഫിനെ ദുർബലപ്പെടുത്താതിരിക്കാനാണ് പ്രതികരിക്കാതിരുന്നതെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോസഫിന്റെ ഭാഗത്തു നിന്ന് നിരന്തരമുണ്ടായത് വാഗ്ദാനലംഘനമാണ്. ഇക്കാര്യം യു.ഡി.എഫ് നേതൃത്വം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എം മാണിയുടെ 87-ാം ജന്മദിനം പ്രമാണിച്ച് 29 ന് ജില്ലയിലെ 87 കേന്ദ്രങ്ങളിൽ കാരുണ്യദിനാചരണം ആചരിക്കുന്നതിന് ജില്ലാ നേതൃയോഗം തീരുമാനിച്ചു. പൗരത്വബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിരുനക്കര മൈതാനത്ത് യു.ഡി.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മനുഷ്യഭൂപടനിർമ്മാണത്തിന് 2500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോർജ്, എം.എസ് ജോസ്, ജോബ് മൈക്കിൾ, ബേബി ഉഴുത്തുവാൽ, അലക്‌സ് കോഴിമല, പ്രിൻസ് ലൂക്കോസ്, വിജി എം.തോമസ്, സെബാസ്റ്റ്യൻ കുളത്തുങ്കൻ തുടങ്ങിയവർ സംസാരിച്ചു.