വൈക്കം: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക എന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പ് കാട്ടിക്കുന്നിൽ നിന്നും തലയോലപ്പറമ്പിലേക്ക് ഭരണഘടനാ സംരക്ഷണ മാർച്ച് നടത്തി. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലം സെക്രട്ടറി ജോൺ വി.ജോസഫ് ക്യാപ്ടനായ മാർച്ച് ചെമ്പ്, ടോൾ, മറവൻതുരുത്ത് എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി തലയോലപ്പറമ്പിൽ സമാപിച്ചു. തുടർന്ന് മാർക്കറ്റ് ജംഗ്ഷനിൽ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കൊളാടി ഉദ്ഘാടനം ചെയ്തു. ജില്ലാ എക്‌സി. അംഗങ്ങളായ ടി.എൻ രമേശൻ, പി.സുഗതൻ, സി.കെ ആശ എം.എൽ.എ, എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.എസ് രത്‌നാകരൻ, കെ.ഡി വിശ്വനാഥൻ, പി.എസ് പുഷ്പമണി, അനി ചെള്ളാങ്കൽ എന്നിവർ പങ്കെടുത്തു. പാർട്ടി നേതാക്കളും ജനപ്രതിനിധികളും യുവജന വിദ്യാർഥി മഹിളാ ട്രേഡ് യൂണിയൻ പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ മാർച്ചിൽ അണിനിരന്നു. തലയോലപ്പറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രകടനമായെത്തി മാർച്ചിനെ സ്വീകരിച്ചു.