കോട്ടയം : പ്രളയക്കെടുതികൾ നേരിട്ട അയ്മനത്തെ കാർഷിക മേഖലയ്ക്ക് ഉണർവേകാൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും അയ്മനം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കാർഷികമേള 'അയ്മനോത്സവം 2020" 29 മുതൽ 31 വരെ നടക്കും. 30 ന് രാവിലെ 9.30ന് അയ്മനം പുത്തൻതോട് ഐക്കരച്ചിറപ്പള്ളി പാരിഷ് ഹാളിൽ തോമസ് ചാഴികാടൻ എം.പി ഉദ്ഘാടനം നിർവഹിക്കും. സുരേഷ് കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകർക്ക് മന്ത്രി എം.എം.മണി പുരസ്‌കാരങ്ങൾ സമ്മാനിക്കും.
31 ന് വൈകിട്ട് 4 ന് സമാപന സമ്മേളനം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. കർഷകർക്ക് നടീൽ മാതൃകകളും വിത്തുകളും മുതൽ നൂതന സാങ്കേതിക വിദ്യകൾ വരെ പരിചയപ്പെടാൻ അവസരമൊരുക്കുന്ന പരിപാടിയിൽ സർക്കാർ സ്ഥാപനങ്ങളുടെയും സ്വകാര്യ സംരംഭകരുടെയും പ്രദർശന സ്റ്റാളുകൾ, കാർഷികയന്ത്ര പ്രദർശനങ്ങൾ, വിപണനമേള എന്നിവയുമുണ്ടാകും. ജൈവകൃഷി, മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമ്മാണം, വരിനെല്ല് കൃഷി, നാളികേര രോഗകീട നിയന്ത്രണം, മത്സ്യകൃഷി, പാലുത്പ്പന്നങ്ങൾ, ചോക്ലേറ്റ് നിർമ്മാണം എന്നിവയെക്കുറിച്ച് ക്ലാസ്സുകളും സെമിനാറുകളും നടത്തും. നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം എന്ന വിഷയത്തിൽ കാൻസർ രോഗ വിദഗ്ദ്ധൻ ഡോ. പി.വി.ഗംഗാധരൻ ക്ലാസെടുക്കും.
സ്‌കൂൾ വിദ്യാർഥികൾക്കായി
കാർഷിക ക്വിസ്
ചിത്രരചന
കൃഷിപ്പാട്ടുകൾ
മുതിർന്നവർക്കായി
ഓലമെടയൽ
വല വീശൽ
ചൂണ്ടയിടീൽ
ഹെൽപ്പ് ഡെസ്‌കും
കാർഷിക വിഭവങ്ങളുടെ ഞാറ്റുവേലച്ചന്തയും മണ്ണു പരിശോധനയും ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. കിസാൻ ക്രഡിറ്റ് കാർഡ്, ബാങ്ക് വായ്പ എന്നിവയെക്കുറിച്ച് അറിയുന്നതിനായുള്ള ഹെൽപ്പ് ഡെസ്‌കും സജ്ജീകരിക്കും.