ചങ്ങനാശേരി: കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയാൽ ഒന്നു കണ്ണിമ ചിമ്മാൻ പറ്റില്ല, തലങ്ങും വിലങ്ങും പായുകയാണ് ബസുകൾ. എന്നാൽ, എത്ര തിരക്കിലും ഒപ്പമുണ്ടന്ന സന്ദേശവുമായി ഒരു സെക്യുരിറ്റി ജീവനക്കാരൻ ഇവിടെയുണ്ട്. യാത്രക്കാർക്ക് സുരക്ഷിതമായി യാത്രചെയ്യാൻ അവസരമൊരുക്കുന്ന കോട്ടയം നീണ്ടൂർ സ്വദേശി എം.എസ്. സതീശൻ. കഴിഞ്ഞ പതിനാലു വർഷമായി സെക്യൂരിറ്റി അസി.സാർജന്റായി അദ്ദേഹം ഇവിടെയുണ്ട്. നൂറ് കണക്കിന് ദീർഘദൂര ബസുകളും ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന സ്ഥിരം ബസുകളും നിറയുന്ന സ്റ്റാൻഡിൽ ഒന്ന്നിന്നു തിരിയാൻ പോലും ഇടമില്ല. വെയിലും മഴയും സാരമാക്കാതെ ബോർഡുകൾ നോക്കി യാത്രക്കാരെ ബസിൽ കയറ്റിവിടുന്നത് സതീശൻ എന്നും പതിവാണ്. കണ്ടുപഴകിയ കെ.എസ്.ആർ.ടി.സി സെക്യുരിറ്റിയല്ല, എം.എസ്. സതീശൻ. നല്ലവൃത്തിയുള്ള വടിവൊത്ത യൂണിഫോമിൽ സ്ഫുടതയാർന്ന ശബ്ദത്തിൽ കോഡ് ലെസ് മൈക്രോഫോണുമായി സദാ ചുറ്റിതിരിയുന്ന സെക്യുരിറ്റി ഉദ്യോഗസ്ഥനെ ജില്ലയിൽ ഇവിടെ മാത്രമേ കാണാനാവൂ. കുറച്ചു മാസങ്ങൾക്ക് മുമ്പ് കരാർ അടിസ്ഥാനത്തിൽ രണ്ട് പേർ സെക്യൂരിറ്റിക്കാരെ ജോലിക്കെടുത്തിരുന്നു. എന്നാൽ, പിന്നീട് അവരെ ഒഴിവാക്കിയതോടെ ഡബിൾ ഡ്യുട്ടി ചെയ്യേണ്ടി വന്നിട്ടും സതീശന്റെ ഫോമിന് യാതൊരു ഇടിവും ഉണ്ടായില്ല.
രാത്രിയിൽ സതീശന്റെ സാന്നിദ്ധ്യം ഏറെ സുരക്ഷനൽകുന്നതാണെന്ന് സ്ത്രീ യാത്രക്കാർ പറയുന്നു. ഇത്തരത്തിൽ സതീശൻ യാത്രക്കാരുടെ കണ്ണും കാതുമായി മാറിയ യഥാർത്ഥ സുരക്ഷാഭടനാവുകയാണ്. ഇതിലൂടെ സതീശൻ കെ.എസ്.ആർ.ടി.സി ക്കും പുതിയ അനുഭവമാകുന്നു.