കോട്ടയം: സ്റ്റാർ ജംഗ്ഷനിലെ ഏഷ്യാനെറ്റ് കേബിൾ നെറ്റ്‌വർക്ക് ഓഫീസിലുണ്ടായ അഗ്നിബാധയിൽ കോടികളുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ഓഫീസിലെ രണ്ടര കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും ഫർണിച്ചറുകളും പൂർണ്ണമായി കത്തിനശിച്ചു. എ.സിയിലുണ്ടായ പൊട്ടിത്തെറിയാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറയുന്നത്.
ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.
തീപിടിത്തം ഉണ്ടായപ്പോൾ ആറ് ജീവനക്കാർ ഓഫീസിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാലാണ് ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ഓഫീസിലെ എസി യൂണിറ്റ്, ഇൻവെർട്ടർ ബാറ്ററികൾ, ഫർണിച്ചറുകൾ,യന്ത്രസംവിധാനങ്ങൾ എന്നിവയും കത്തിനശിച്ചവയിൽ ഉൾപ്പെടുന്നു. കോട്ടയം അഗ്നിശമനസേനാ യൂണിറ്റിലെ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്. ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തിൽ കൺട്രോൾ യൂണിറ്റ് ഉൾപ്പെടെ കത്തിനശിച്ചതിനാൽ എ.സി.വി, എ.സി.വി ന്യൂസ് എന്നിവയുടെ സംപ്രേഷണം പൂർണമായും നിലച്ചു. ഡിജിറ്റൽ നെറ്റ് വർക്ക് സംവിധാനവും തകരാറിലായി. ചാനലിന്റെയും ഡിജിറ്റൽ നെറ്റ് വർക്കിന്റേയും പ്രവർത്തനങ്ങൾ കുറച്ചുദിവസത്തേക്ക് തടസപ്പെട്ടേക്കുമെന്നാണ് സൂചന.
അഗ്നിബാധ അഞ്ചിടങ്ങളിൽ
ചാനൽ ഓഫീസിൽ ഉൾപ്പെടെ ഇന്നലെ അഞ്ചിടങ്ങളിലാണ് ജില്ലയിൽ ഇന്നലെ തീപിടുത്തമുണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപത്തെ പുരയിടത്തിലും ഏറ്റുമാനൂർ പഴയ എം.സി റോഡിന് സമീപത്തെ പുരയിടത്തിലും തീപിടുത്തമുണ്ടായി. ഉച്ചയ്ക്ക് ശേഷം ചിങ്ങവനം ഇലക്ട്രോ കെമിക്കൽസിന് സമീപത്തെ പുരയിടത്തിലെ പുല്ലിനും തീപിടിച്ചു. രാത്രി 7.30 ഓടെ ദേവലോകം കൊല്ലാട് ചിറയിലെ തരിശുകിടന്ന പാടത്തും അഗ്നിബാധയുണ്ടായി. എല്ലാ സ്ഥലങ്ങളിലും അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.