കോട്ടയം: പാലക്കാടാണ് ഏറ്റവും ചൂടൻ ജില്ലയെന്നാണ് നാം കരുതിയിരുന്നത്. എന്നാൽ കോട്ടയത്തോളം വരില്ല മൂന്നു ദിവസമായി പാലക്കാട്ടെ ചൂട്. തുടർച്ചയായി മൂന്ന് ദിവസം ഉയർന്ന താപനില രേഖപ്പെടുത്തി റെക്കാഡിട്ടിരിക്കയാണ് കോട്ടയം. 37 ഡിഗ്രി . ഇന്നലെ 37.1 ഡിഗ്രി രേഖപ്പെടുത്തി എറണാകുളം കോട്ടയത്തെ മറികടന്ന് ഒന്നാമതെത്തി.
സാധാരണ ജനുവരി മാസങ്ങളിൽ അനുഭവപ്പെടുന്നതിനേക്കാൾ 3.5 ഡിഗ്രി ചൂട് അധികമാണിപ്പോൾ.
ഇന്നലെ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കോട്ടയത്തേക്കാൾ നേരിയ തോതിൽ ചൂട് കൂടിയത്. മറ്റെല്ലാ സ്ഥലങ്ങളേയും കോട്ടയം പിന്നിലാക്കി. കോട്ടയം കഴിഞ്ഞാൽ ആലപ്പുഴയും (36.2) കണ്ണൂരുമാണ് (36.1) ചൂട് കൂടുതൽ.
തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്കുപ്രകാരം ഇതുവരെയുള്ള ജനുവരി മാസങ്ങളിൽ ഏറ്റവും ഉയർന്ന ചൂട് ഈ വർഷമാണ്. 2007ൽ മുപ്പതാം തീയതി രേഖപ്പെടുത്തിയ 36.6 ഡിഗ്രി സെൽഷ്യസായിരുന്നു നിലവിലെ റെക്കാഡ്. ഇത്തവണ ഈ റെക്കാഡെല്ലാം കാറ്റിൽപ്പറത്തിയാണു താപനില ഉയരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതുവരെയുള്ള ജനുവരിയിലെ ഏറ്റവും ചൂടേറിയ ദിനം 1987ലെ മുപ്പതാം തീയതിയായിരുന്നു. അന്ന് പുനലൂരിൽ 38.8 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്.
തകർക്കാത്ത റെക്കാഡ് 1983ൽ
കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത് 1983ലാണ്. 37.2 ഡിഗ്രി . അതിന് ശേഷം 37ലേയ്ക്ക് എത്തുന്നത് ഇതാദ്യമാണ്
സംസ്ഥാനത്ത് മൊത്തം ചൂട് കൂടിയതിന്റെ പ്രതിഫലനം മാത്രമാണ് കോട്ടയത്ത് അനുഭവപ്പെടുന്നത്. റോഡുകളുടെ ഏരിയ കൂടിയതും പച്ചപ്പ് കുറഞ്ഞതും കാരണമാകാം. ഇക്കാര്യത്തിൽ ആധികാരിക പഠനം നടത്തേണ്ടതുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചിലപ്പോൾ അടുത്തമാസം മുതൽ മഴ പെയ്തെന്നും വരാം''
ഡോ.ഷമ്മിരാജ്, റബർ ബോർഡ് റിസർച്ച് വിഭാഗം