വൈക്കം : വഴിയോരങ്ങളിൽ മാലിന്യ കൂമ്പാരങ്ങൾ. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമെല്ലാം പോളിത്തീൻ കവറുകളിൽ നിറച്ച് നിക്ഷേപിച്ച ജൈവ മാലിന്യങ്ങൾ അഴുകിയ നിലയിൽ ദുർഗന്ധം പരത്തുന്നു. പ്ലാസ്റ്റിക്കിനും കുറവില്ല. 'മാലിന്യമില്ലാത്ത ക്ഷേത്ര നഗരി'യിലെത്തുന്നവരെ വരവേൽക്കുന്ന ദൃശ്യങ്ങളാണിവ. കഴിഞ്ഞ ഫെബ്രുവരി 28നാണ് വൈക്കം നഗരത്തെ മാലിന്യമില്ലാത്ത ക്ഷേത്ര നഗരിയായി നഗരസഭ പ്രഖ്യാപിച്ചത്. മന്ത്രി എ.സി.മൊയ്തീനായിരുന്നു പ്രഖ്യാപനം നടത്തിയത്. നഗരത്തിന്റെ ഹൃദയഭാഗത്ത് പടിഞ്ഞാറെ നടയിൽ അന്ധകാരത്തോട് മാലിന്യം നിറഞ്ഞ് ചീഞ്ഞുനാറി ദുർഗന്ധം പരത്തുമ്പോഴായിരുന്നു പ്രഖ്യാപനം. അന്ധകാരത്തോടിന്റെ സ്ഥിതിക്ക് ഇതുവരെ ഒരു മാറ്റവും വന്നിട്ടില്ല. കപ്പേളച്ചിറയിൽ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനക്ഷമമാക്കിക്കൊണ്ടായിരുന്നു പ്രഖ്യാപനം. ജൈവമാലിന്യ സംസ്കരണത്തിനായി തുമ്പൂർ മൊഴി മാതൃകയിൽ ഏഴ് യൂണിറ്റുകൾ ഇവിടെ സ്ഥാപിച്ചു. പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്, ഹരിത കർമ്മസേന എന്നിവയായിരുന്നു മറ്റ് സജ്ജീകരണങ്ങൾ. നഗരസഭയുടെ വാഹനത്തിൽ തെരുവോരങ്ങളിൽ നിന്നും മറ്റ് പൊതു സ്ഥലങ്ങളിൽ നിന്നും മാലിന്യം ശേഖരിച്ച് പ്ലാന്റിലെത്തിക്കും. ഹരിതകർമ്മസേന സ്ഥാപനങ്ങളിൽ നിന്നും മാലിന്യം ശേഖരിക്കും. ഇവ പ്ലാന്റിൽ തരം തിരിച്ച് ജൈവ മാലിന്യങ്ങൾ തുമ്പൂർ മൊഴി യൂണിറ്റിൽ സംസ്കരിച്ച് ജൈവ വളമാക്കി മാറ്റും. പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊടിച്ച് പുനരുപയോഗത്തിന് നൽകും. ഇതൊക്കെയായിരുന്നു പദ്ധതികൾ. പക്ഷേ ഒന്നും കാര്യമായി നടന്നില്ല. പ്ലാന്റിൽ പ്ലാസ്റ്റിക് കുന്നുകൂടികിടക്കുന്നു. ജൈവമാലിന്യ സംസ്കരണ യൂണിറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടാൻ ഉപയോഗിക്കുകയാണ്. ഹരിതകർമ്മ സേനയുടെ പ്രവർത്തനം പേരിനായി. സേനയുടെ അംഗബലം കുറഞ്ഞു. പ്ലാന്റിൽ വല്ലപ്പോഴും പ്ലാസ്റ്റിക് സംസ്കരണം നടന്നെങ്കിലായി എന്നതാണ് സ്ഥിതി. മഹാദേവക്ഷേത്രത്തിന്റെ നാല് നടകളുടേയും റോഡരികുകളിൽ, ലിങ്ക് റോഡിന്റെ ഇരു വശങ്ങളിലും, നർത്തകി റോഡിൽ, എല്ലായിടത്തും മാലിന്യ കൂമ്പാരങ്ങളാണ്. പ്രഖ്യാപനങ്ങൾ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങി, മാലിന്യ മില്ലാത്ത നഗരം മാലിന്യത്തിൽ ആറാടുകയാണ്. പ്ലാസ്റ്രിക്ക് വിമുക്ത ജില്ലയായി പ്രഖ്യാപിച്ചെങ്കിലും പാസ്റ്റിക്ക് മാലിന്യങ്ങളാണ് ഇവിടെ കൂടുതലും.
കെ.ആർ.രാജേഷ്
(നഗരസഭ കൗൺസിലർ, ബിജെപി ടൗൺ പ്രസിഡന്റ്.)
മാലിന്യമില്ലാത്ത ക്ഷേത്ര നഗരിയെന്നത് നഗരസഭ അധികൃതരുടെ പ്രഖ്യാപനം മാത്രമായി മാറി. പക്ഷേ നഗരത്തിൽ മാലിന്യം കുമിഞ്ഞുകൂടുമ്പോഴും അധികൃതർ മാലിന്യമില്ലാത്ത ക്ഷേത്ര നഗരി എന്ന പ്രയോഗം തുടരുന്നത് അപഹാസ്യമാണ്. ജനങ്ങൾ വിഡ്ഢികളാണെന്ന് കരുതരുത്. മാലിന്യ നിർമാർജനത്തിന്റെ പേരിൽ ജനങ്ങളുടെ നികുതിപ്പണം ദുർവിനിയോഗം ചെയ്യുകയായിരുന്നു. കപ്പേളച്ചിറയിലെ മാലിന്യസംസ്കരണ പ്ലാന്റ് ശാസ്ത്രീയ സംവിധാനങ്ങളോടെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കണം.
പ്രഖ്യാപനത്തിലൊതുങ്ങിയ പദ്ധികൾ
കപ്പേളച്ചിറയിൽ നഗരസഭയുടെ മാലിന്യ സംസ്കരണ പ്ലാന്റ്
തുമ്പൂർ മൊഴി മാതൃകയിൽ ഏഴ് യൂണിറ്റുകൾ
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്,
ഹരിത കർമ്മസേന
പോരായ്മകൾ
ജൈവമാലിന്യ സംസ്കരണ യൂണിറ്റുകൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിടാൻ ഉപയോഗിക്കുകയാണ്.
ഹരിതകർമ്മ സേനയുടെ പ്രവർത്തനം പേരിനായി.
സേനയുടെ അംഗബലം കുറഞ്ഞു. പ്ലാന്റിൽ പ്ലാസ്റ്റിക് സംസ്കരണം കൃത്യമായി നടക്കുന്നില്ല