പാലാ : മുനിസിപ്പാലിറ്റി വക റോഡിൽ പി.ഡബ്ല്യു.ഡി വക വീപ്പമാല. പാലാ നഗരഹൃദയത്തിൽ മെയിൻ റോഡിൽ നിന്ന് റിവർവ്യൂ റോഡിലേക്കുള്ള ഇടറോഡിന്റെ കവാടത്തിലാണ് ഈ അപകടസൂചക വീപ്പ വലയം! ഇട റോഡിന്റെ തുടക്കത്തിലുള്ള ഓടയ്ക്കു മുകളിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഗ്രില്ലുകൾ ഭാരവണ്ടി കയറി വളഞ്ഞൊടിഞ്ഞതിനെ തുടർന്നാണിവിടെ അപകടഭീഷണി ഉയർന്നത്. ദിവസേന നൂറുകണക്കിനു വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന വഴിയിലെ അപകടക്കുഴി നന്നാക്കാൻ നഗരസഭാധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
തങ്ങളുടെ റോഡ് അല്ലാതിരുന്നിട്ട് പോലും ഇവിടെ വീപ്പകൾ നിരത്തി അപകടസൂചനയെങ്കിലും നൽകിയത് പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗമാണ്. ഇതിപ്പോൾ ഇവർക്ക് പാരയുമായി, എന്തായാലും അപകട സൂചകമൊരുക്കിയല്ലേ, ഇനി നിങ്ങൾ തന്നെ പുതിയ ഗ്രില്ല് കൂടി സ്ഥാപിച്ച് അപകടമൊഴിവാക്കണം എന്നാണിപ്പോൾ പൊതുമരാമത്ത് വകുപ്പിനോട് നഗരസഭാധികാരികളുടെ പരിദേവനം. പുതിയ സ്റ്റീൽ കമ്പിയൊക്കെയിട്ട് ഗ്രില്ല് സ്ഥാപിക്കണമെങ്കിൽ ചുരുങ്ങിയത് മുപ്പതിനായിരം രൂപയെങ്കിലും വേണ്ടി വരും. അത്രയും തുക മുടക്കാനുള്ള ശേഷി ഇപ്പോൾ തങ്ങൾക്കില്ലെന്നാണ് നഗരസഭ പറയുന്നത്. തൊടുന്യായങ്ങൾ നിരത്തി ബന്ധപ്പെട്ടവർ റോഡ് നന്നാക്കാതെ ഒഴിഞ്ഞു മാറുമ്പോൾ യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും കാര്യമാണ് കഷ്ടം.
പുതിയ ഗ്രില്ല് സ്ഥാപിക്കാൻ പണമില്ലെന്ന് നഗരസഭ
കാൽനട- വാഹന യാത്രക്കാർ ദുരിതത്തിൽ
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇട റോഡിന്റെ തുടക്കത്തത്തിലുള്ള തകർച്ച പരിഹരിക്കാൻ ശ്രമിക്കാതെ മറ്റ് വകുപ്പിനു മേൽ കെട്ടിവെച്ച് കൈ കഴുകുന്ന നഗരസഭാധികാരികളുടെ നടപടി അപലപനീയമാണ്. എത്രയും വേഗം റോഡ് നന്നാക്കിയില്ലെങ്കിൽ നഗരസഭയ്ക്കു മുന്നിൽ സമരം തുടങ്ങും.
ജോയി കളരിക്കൽ, പ്രസിഡന്റ്, പാലാ പൗരാവകാശ സമിതി