മണർകാട് : മൂക്ക് പൊത്തിയാലും രക്ഷയില്ല...അത്രയ്ക്കുണ്ട് മണർകാട് പഞ്ചായത്ത് ഓഫീസിന് മുന്നിലെ മാലിന്യം. ദിനംപ്രതി ഇതിന്റെ അളവ് കൂടുകയാണ്. പഞ്ചായത്തിന്റെ കമ്പോസ്റ്റ് പ്ലാന്റ് പ്രവർത്തനരഹതിമായതോടെയാണ് മാലിന്യനിക്ഷേപം കൂടിയത്. കാടുപിടിച്ച് കിടക്കുന്ന പ്ലാന്റിന് സമീപം ആർക്കും മാലിന്യം നിക്ഷേപിക്കുന്ന സ്ഥിതിയാണിപ്പോൾ. അറവുശാല മാലിന്യം വരെ ഇക്കൂട്ടത്തിലുണ്ട്. ഹോട്ടൽ മാലിന്യങ്ങൾ കെട്ടിക്കിടന്ന് പ്രദേശത്തു രൂക്ഷഗന്ധമാണ് വമിക്കുന്നത്. ഇതോടെ ഇതുവഴിയുള്ള കാൽനടയാത്രയും ദുസ്സഹമായി.
ഗതാഗതപരിഷ്‌ക്കാരത്തിന്റെ ഭാഗമായി ബൈപാസ് റോഡിലൂടെയാണ് പാലാ - എരുമേലി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കടന്നുപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥയെ തുടർന്ന് ഇന്റർലോക്ക് കട്ടകൾ പാകി അടുത്ത ദിവസമാണ് ബൈപാസ് റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. പഞ്ചായത്ത് ഓഫീസിലേക്കും സ്റ്റാൻഡിനുള്ളിലെ വിവിധ സ്ഥാപനങ്ങളിലേക്കും പോകേണ്ടവർ ഈ മാലിന്യക്കൂമ്പാരത്തിനു സമീപത്ത് കൂടെയാണ് കടന്നുപോകേണ്ടത്. മുൻപ് പഴകിയ വാഹനങ്ങളുടെ അവശിഷ്ടങ്ങൾ ഇവിടെ തള്ളിയിരുന്നു.
ജലസ്രോതസുകളും മലിനം
നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയാണ് മാലിന്യം ഉപേക്ഷിച്ചിരിക്കുന്നത്. സമീപത്തെ ജലസ്രോതസുകളിലും മാലിന്യങ്ങൾ കുമിഞ്ഞു കൂടി. മാലിന്യം ഭക്ഷിക്കാൻ തെരുവ് നായ്ക്കൾ കൂട്ടത്തോടെയെത്തുന്നതും വിദ്യാർത്ഥികളെ ഉൾപ്പെടെ ആശങ്കയിലാഴ്ത്തുന്നു.
''ഏറെനാളായി ദുരിതത്തിലാണ്. എത്രയും വേഗം കമ്പോസ്റ്റ് പ്ലാന്റ് പ്രവർത്തിച്ച് മണർകാടിലെ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണം."
സുരേഷ് , പ്രദേശവാസി
പ്രധാന പ്രശ്‌നങ്ങൾ
1.മനംമടുപ്പിക്കുന്ന ദുർഗന്ധം
2.തോട്ടിലെ വെള്ളത്തിന് നിറവ്യത്യാസം
3.കൊതുക്, ഈച്ച ശല്യം രൂക്ഷം
4.പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ