കോട്ടയം : പൗരത്വ ബില്ലിനെതിരെ 26 ന് നടക്കുന്ന മനുഷ്യച്ചങ്ങലയിൽ കോട്ടയത്ത് നിന്ന് ഒരു ലക്ഷം പേർ ആലപ്പുഴ ഭാഗത്ത് അണിചേരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പത്രസമ്മേനത്തിൽ അറിയിച്ചു. 1500 ബസും എഴുനൂറോളം മിനി ബസും മറ്റ് വാഹനങ്ങളും ബുക്ക് ചെയ്തിട്ടുണ്ട്. കോട്ടയത്തെ 12 ഏരിയ കമ്മിറ്റികളിൽ നിന്നുള്ള പ്രവർത്തകർ ആലപ്പുഴ വാട്ടർ വർക്സ് മുതൽ ചന്തിരൂർ മേഴ്സി സ്കൂൾ കെൽട്രോൺ കവല വരെ അണി നിരക്കും. ചോറും പൊതിയുമായാണ് കിഴക്കൻ പ്രദേശത്തു നിന്നുള്ള പ്രവർത്തകർ എത്തുക. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വൈക്കം വിശ്വൻ ,സുരേഷ് കുറുപ്പ് എം.എൽ.എ ,സി.കെ.ആശ എം.എൽ.എ , ഗീവർഗീസ് മാർകൂറിലോസ് തുടങ്ങിയവർ പങ്കെടുക്കും. നിരവധി യു.ഡി.എഫ് പ്രവർത്തകരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ,പത്തനംതിട്ട ,ഇടുക്കി ജില്ലകളിൽ നിന്നുള്ളവരും കോട്ടയം ജില്ലക്കാർക്കൊപ്പം അണി നിരക്കും. 26 ന് വൈകിട്ട് 3 ന് പൊതുയോഗം ചേരും. 3.30 ന് മനുഷ്യചങ്ങല റിഹേഴ്സൽ. 4 ന് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കും. തുടർന്ന് പ്രതിജ്ഞ. ഒരു മണിക്കൂറിനുള്ളിൽ പരിപാടി സമാപിക്കും.