എലിക്കുളം: എം.ജി.എം.യു.പി.സ്‌കൂളിന്റെ പുതിയ കെട്ടിടം 27 ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹുനില മന്ദിരത്തിന്റെ ആദ്യഘട്ടമാണ് പൂർത്തിയായത്. 65 ലക്ഷം രൂപ ഇതുവരെ വിനിയോഗിച്ചു. ഹൈടെക് ക്ലാസ്മുറികൾ, ലൈബ്രറി, ലാബ് എന്നിവയാണ് സജ്ജീകരിച്ചത്. കഴിഞ്ഞ 16 വർഷമായി സ്‌കൂൾ കലോത്സവം, പ്രവൃത്തിപരിചയ, ശാസ്ത്രമേളകളിൽ ചാമ്പ്യൻഷിപ്പ് നിലനിറുത്തുന്ന സ്‌കൂൾ എലിക്കുളം പഞ്ചായത്തിൽ കൂടുതൽ കുട്ടികൾ പഠിക്കുന്ന യു.പി വിദ്യാലയമാണ്. പ്ലാസ്റ്റിക് വിമുക്ത സ്‌കൂളിൽ പേപ്പർ ബാഗ്, പേന എന്നിവയുടെ നിർമാണവും വീടുകളിലേക്ക് തുണിസഞ്ചി നിർമിച്ച് നൽകൽ, ഗ്രീൻ മാർക്കറ്റ് തുടങ്ങി വിവിധ പദ്ധതികൾ വിജയപ്രദമായി നടത്തുന്നുണ്ട്. 27 ന് ഉച്ചയ്ക്ക് 2.30 ന് ഉദ്ഘാടന സമ്മേളനത്തിൽ മാണി സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. പ്ലാസ്റ്റിക് ബദൽ ഉത്പന്ന വിതരണോദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കലും, ഹൈടെക് ക്ലാസ്മുറി ഉദ്ഘാടനം വി.എൻ.വാസവനും നിർവഹിക്കും. കോട്ടയം എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.ബാലകൃഷ്ണപിള്ള പ്രതിഭകളെ ആദരിക്കും. സ്‌കൂൾ മാനേജർ രാജേഷ് ആർ.കൊടിപ്പറമ്പിൽ, പ്രഥമാദ്ധ്യാപകൻ പി.എൻ.പ്രദീപ്കുമാർ, കെ.ആർ.പ്രശാന്ത്, എം.ജി.മോഹനകുമാർ, ടി.എസ്.രഘു, ശ്രീജിത്ത് വലിയമുണ്ടയ്ക്കൽ, കെ.ആർ.രമേശ്കുമാർ തുടങ്ങിയവർ പരിപാടികൾ വിശദീകരിച്ചു.