കോട്ടയം : ഏഷ്യാനെറ്റ് കേബിൾ ടി.വി ഓഫീസിലെ തീപിടിത്തം മൂലം തടസപ്പെട്ട ഇന്റർനെറ്റ്, കേബിൾ ടി.വി സംപ്രേഷണം പുന:സ്ഥാപിച്ചു തുടങ്ങി. ഏഷ്യാനെറ്റ് കേബിളിന്റെ കേരളത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ദ്ധരുടെ നേതൃത്വത്തിലാണ് സംപ്രേക്ഷണം പുന:സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ തടസപ്പെട്ട സേവനങ്ങൾ പൂർണമായും പുന:സ്ഥാപിക്കാനാകുമെന്ന് കേബിൾ ടി.വി അധികൃതർ പറഞ്ഞു. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സ്റ്റാർ ജംഗ്ഷനിലെ ഓഫീസിൽ തീപിടിത്തം ഉണ്ടായത്. സംഭവസമയം മൂന്ന് ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

ഉഗ്ര ശബ്ദത്തോടെ ഹെഡ്എൻഡ് പുകഞ്ഞ് കത്തുകയായിരുന്നു. വിവരമറിഞ്ഞ് മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്‌സിന്റെ രണ്ട് യൂണിറ്റ് എത്തി തീ അണച്ചു. ഡിജിറ്റൽ ഹെഡ്എൻഡ്, പ്ലേ ഔട്ട് എന്നിവ പൂർണമായും കത്തിനശിച്ചു. കേബിൾ മോഡം ട്രാൻസ്മിഷൻ സിസ്റ്റം, റൗട്ടർ,മക്‌സ്, നൂറോളം ട്രാൻസ്മിറ്ററുകൾ, റിസീവറുകൾ, ഹാർഡ്‌വെയർ, നിരവധി കംപ്യൂട്ടറുകൾ, ലൈവ് ട്രാൻസ്മിഷൻ സിസ്റ്റം, സ്‌പ്ലൈസിംഗ് മെഷീനുകൾ തുടങ്ങി മൂന്നു കോടി രൂപയിലധികം വില മതിപ്പുള്ള ഉപകരണങ്ങൾ നശിച്ചു. ഇരുപതിനായിരത്തോളം കേബിൾ,ബ്രോഡ്ബാൻഡ് കണക്ഷനുകളാണ് തടസപ്പെട്ടത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിജിറ്റൽ ഹെഡ്എൻഡിലെ എ.സി കളിലൊന്നിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. തിരുവല്ല മുതൽ വൈക്കം വരെയുള്ള കേബിൾ ടി.വി, ഇന്റർനെറ്റ് സേവനങ്ങളാണ് തടസപ്പെട്ടത്. കോട്ടയം ടൗൺ ഒഴികെയുള്ള സ്ഥലങ്ങളിലെ സംപ്രേക്ഷണം അപകടം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ പുന:സ്ഥാപിക്കാനായി.