കോട്ടയം: വേമ്പനാട്ടുകായലിൽ പാതിരാമണലിന് സമീപം തീപിടിച്ചു കത്തി നശിച്ച ഹൗസ് ബോട്ടിന് ലൈസൻസില്ലെന്ന് തുറമുഖ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. വൈക്കം സ്വദേശിയുടേതാണ് ഓഷിയാനോ എന്ന ബോട്ട് . ആറു വർഷമായി ലൈസൻസില്ലാതെയാണ് പ്രവർത്തനം.
2013 മുതൽ ലൈസൻസിനായി ശ്രമിക്കുന്ന ബോട്ടിന് ഒരു വകുപ്പിൽ നിന്നും അനുമതി ലഭിച്ചില്ല . സി.ആർ.അമ്പു എന്നയാൾ താത്ക്കാലിക നമ്പരിനായി തുറമുഖ വകുപ്പിനെ സമീപിച്ചിരുന്നു. പിന്നീട് ധർമരാജൻ എന്നയാളായി ഉടമ.
തീ പടർന്ന ഉടൻ ആഴം കുറഞ്ഞ സ്ഥലത്തേക്ക് ബോട്ട് അതിവേഗത്തിൽ ഓടിച്ചതിനാൽ യാത്രക്കാർ കായലിൽ ചാടി. കുട്ടികളെയും ഉയർത്തിപ്പിടിച്ച് വെള്ളത്തിൽ നിന്നവരെ സർവീസ് ബോട്ടും ചെറുവള്ളങ്ങളും രക്ഷിച്ചു. ഷോർട്ട് സർക്യൂട്ടോ പാചക വാതക ചോർച്ചയോ ആണ് അപകടകാരണമായി കരുതുന്നത് . ബോട്ട് പൂർണമായി കത്തി നശിച്ചതിനാൽ കാരണം കണ്ടെത്താനായിട്ടില്ല .ബോട്ട് ഉടമയ്ക്കെതിരെ ക്രിമിനൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ഉടമയോടും യാത്രക്കാരോടും ഇന്ന് ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.
ബോട്ടിൽ ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നില്ലെന്ന് സഞ്ചാരികൾ പരാതിപ്പെട്ടു. അഗ്നി ശമന ഉപകരണങ്ങളും ഇല്ലായിരുന്നു. പല ഹൗസ് ബോട്ടുകളും ലൈസൻസ് പുതുക്കാതെയാണ് സർവീസ് നടത്തുന്നതെന്ന പരാതി ശക്തമായിട്ടുണ്ട്. വേണ്ടപ്പെട്ടവർക്ക് കൈ മടക്ക് കൊടുത്താണത്രേ അനധികൃത സർവീസ് നടത്തുന്നത്. അപകടത്തെ തുടർന്ന് വ്യാപകമായി പരിശോധന നടത്തി ലൈസൻസ് പുതുക്കാത്ത ഹൗസ് ബോട്ടുകൾക്കെതിരെ നടപടി എടുക്കാനാണ് അധികൃതരുടെ നീക്കം.