പാലാ : ഉള്ളനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ചോർന്നൊലിക്കുന്നു. കോൺക്രീറ്റ് മന്ദിരത്തിന്റെ പലയിടങ്ങളിലും മേൽത്തട്ടിലെ സിമന്റ് തേച്ച പാളി തകർന്ന് നിലംപൊത്തി. അമ്പത് വർഷത്തോളം പഴക്കമുള്ള കെട്ടിടഭാഗങ്ങളിൽ പലതും ദുർബലമായി. ഡോക്ടർമാർക്ക് സുരക്ഷിതമായി രോഗികളെ നോക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. 30 ഓളം രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ടെങ്കിലും കെട്ടിടം ദുർബലമായതിനാൽ കിടത്തിചികിത്സ നിറുത്തിയിട്ട് നാളുകളായി. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ആശ്രയമായ ആശുപത്രി പുതുക്കി നിർമ്മിക്കണമെന്ന ആവശ്യം ശക്തമായി. ഈ വിവരം കാണിച്ച് നാഷണലിസ്റ്റ് കിസൻസഭ സംസ്ഥാന സെക്രട്ടറി വി.കെ.ശശീന്ദ്രൻ വകുപ്പു മന്ത്രിക്കും, എം.എൽ.എയ്ക്കും നിവേദനം നൽകി.