പാലാ: പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷം തീർപ്പാക്കാനെത്തിയ എസ്.ഐയെ കൈയേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയെങ്കിലും പ്രതികളെ കിട്ടിയില്ലെന്ന് പൊലീസ്. ഇന്നലെ ചില സൂചനകളുടെ അടിസ്ഥാനത്തിൽ രാമപുരം, അന്ത്യാളം, കടപ്പൂര്, പൈക പ്രദേശങ്ങളിൽ പൊലീസ് എത്തിയെങ്കിലും തൊട്ടുമുൻപ് പ്രതികൾ കടന്നുകളഞ്ഞതായാണ് വിവരം.

പ്രതികൾ പാലാ കോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹമുണ്ടായിരുന്നതിനാൽ പൊലീസ് യൂണിഫോമിലും മഫ്തിയിലും വൈകുന്നേരംവരെ കോടതി പരിസരത്ത് നിലയുറപ്പിച്ചിരുന്നു. ഇവരുടെ മൊബൈൽഫോൺ സ്വിച്ച് ഓഫ് ആയതിനാൽ സൈബർസെല്ലിന്റെ അന്വേഷണവും വഴിമുട്ടിയതായി പൊലീസ് പറയുന്നു.

ആദ്യഘട്ടത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നുവെങ്കിലും ഭരണപക്ഷ നേതാവിന്റെ പൊലീസിനെതിരേയുള്ള അഭിപ്രായം വന്നതോടെ ഇക്കാര്യത്തിൽ അന്വേഷണസംഘം നിർവീര്യമായതായാണ് സൂചന. ഇതുസംബന്ധിച്ച് പാലായിലെ പൊലീസുദ്യോഗസ്ഥരുടെ പ്രത്യേക യോഗം കോട്ടയം ജില്ലാ പൊലീസ് മേധാവി ഇന്നലെ വിളിച്ചുചേർത്തിരുന്നു. അന്വേഷണ പുരോഗതി വിലയിരുത്താനാണ് യോഗം ചേർന്നതെന്ന് ഒരു ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. ഇതേസമയം കേസിലെ മുഖ്യപ്രതി മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
സംഘർഷത്തിനിടയിൽ പിടിച്ചുമാറ്റാനെത്തിയ ഗ്രേഡ് എസ്.ഐ. പി.കെ. മാണിയെ എസ്.എഫ്. ഐ. പ്രവർത്തകർ പിടിച്ചുതള്ളുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നുവെന്നാണ് പരാതി.

ഈ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് കേസെടുത്തത്. സംഘർഷസ്ഥലത്ത് എസ്.ഐയും ജീപ്പ് ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. ഒരു എസ്.ഐ.യെ മാത്രം സംഘർഷസ്ഥലത്തേയ്ക്ക് പറഞ്ഞയച്ച ഉന്നതോദ്യോഗസ്ഥനെതിരേയും വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള സംഘർഷമുണ്ടാകുമെന്ന് കരുതിയില്ലെന്നാണ് ഈ ഉദ്യോഗസ്ഥൻ മേലധികാരികളെ അറിയിച്ചിട്ടുള്ളത്.സംഘർഷ സ്ഥലത്ത് സ്ഥിതിഗതികൾ കൈവിട്ടുപോയെങ്കിലും എസ്.ഐ. കൂടുതൽ പൊലീസിന്റെ സഹായം തേടിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.