ളായിക്കാട് : എസ്.എൻ.ഡി.പി യോഗം 2805-ാം നമ്പർ ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുകൃപ പുരുഷ സ്വയം സഹായസംഘത്തിന്റെ നേതൃത്വത്തിൽ ഗുരുപൂജ മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന താലപ്പൊലി ഘോഷയാത്രയിൽ സ്വീകരണ രഥത്തിൽ വയ്ക്കുന്നതിനായുള്ള ഗുരുദേവ സമർപ്പണം കൊടിയേറ്റ് ദിവസമായ നാളെ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് ളായിക്കാട് ജംഗ്ഷനിൽ ഗുരുദേവ വിഗ്രഹം സ്വീകരിച്ച് അലങ്കരിച്ച രഥത്തിൽ പൂത്താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഗുരുദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. തുടർന്ന് നടക്കുന്ന സമർപ്പണ സമ്മേളനത്തിൽ ഗുരുദേവ പ്രതിമ ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് ക്ഷേത്രസന്നിധിയിൽ സമർപ്പിക്കും. ശാഖാ സെക്രട്ടറി കെ.കെ സന്തോഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പി.ജി ശശി അദ്ധ്യക്ഷത വഹിക്കും. ശാഖാ വൈസ് പ്രസിഡന്റ് കെ.ജെ രാജീവ് സംഘടനാ സന്ദേശം നല്കും. യൂണിയൻ കമ്മിറ്റി അംഗം വി.ആർ ജയൻ മുഖ്യപ്രസംഗം നടത്തും. ഗുരുകൃപ മൈക്രോഫിനാൻസ് കൺവീനർ വി.വി അനിൽ കുമാർ സ്വാഗതവും ജോയിന്റ് കൺവീനർ മൈക്രോഫിനാൻസ് കെ.സി ശ്രീകുമാർ നന്ദിയും പറയും.