ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചാലച്ചിറ തോട്ടുപുറത്ത് താമസിക്കുന്ന ധനീഷ്-അഞ്ജു ദമ്പതികളുടെ കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് മാധ്യമങ്ങൾ പലതവണ റിപ്പോർട്ടുചെയ്തിരുന്നു. എന്നാൽ, ഇതൊന്നും ഫലം കാണാത്തതിനെത്തുടർന്ന് പൊതുപ്രവർത്തകനായ പ്രസന്നൻ ഇത്തിത്താനം മുഖ്യമന്ത്രിക്ക് ഓൺലൈനിൽ പരാതിനൽകുകയും ചെയ്തു. എന്നാൽ, ഇവിടെ നൂറ്റിയിരുപത്തിരണ്ട് ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. ഓൺലൈനിൽ മുഖ്യമന്ത്രിക്ക് നൽകുന്ന പരാതിക്ക് ഇരുപത്തിരണ്ട് ദിവസത്തിനുള്ളിൽ തീർപ്പുണ്ടാകുമെന്ന് സർക്കാർ പരസ്യത്തിലൂടെ പ്രഖ്യാപിക്കുമ്പോഴാണ് ഈ ദുരസ്ഥയെന്ന് അറിയണം.
സ്വന്തം വീട് സ്വപ്‌നമാണ്
ധനീഷ്- അഞ്ജു ദമ്പതികളുടെ മൂത്തമകനാണ് അപ്പു എന്ന ശ്രീഹരി.ആറു വയസുകാരനായ അപ്പുവിന് ജന്മനാ ചലനശേഷിയില്ല. ഹൈഡ്രോസെഫാലസ് അഥവാ തലയിൽ വെള്ളം കെട്ടിനിൽക്കുന്ന അസുഖത്തെതുടർന്നാണ് കാലുകൾക്ക് ചലനശേഷി നഷ്ടമായത്. . മൂവാറ്റുപുഴ, കുത്തുകുഴിയിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ എന്ന ചാരിറ്റബിൾ സംഘടനയാണ് അപ്പുവിന്റെ പഠനവും ഫിസിയോതെറാപ്പി ചികിത്സയും നടത്തുന്നത്. കഴിഞ്ഞ പ്രളയത്തിൽ അപ്പുവിന്റെ വീടും വെള്ളത്തിലായി. വെള്ളത്തിൽ കുതിർന്ന ഭിത്തികൾ വിണ്ടുകീറിയതിനാൽ വീട്ടിലെ താമസം അപകടകരമായി. പ്രളയത്തിൽ വീട്ടിൽ വെള്ളം കയറിയവർക്ക് അനുവദിച്ച 10,000 രൂപയല്ലാതെ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ധനസഹായവും ഇതുവരെ ഈ കുടുംബത്തിന് ലഭിച്ചില്ല. ചുവര് വിണ്ടുകീറി ബലക്ഷമുണ്ടായതല്ലാതെ നിലംപതിക്കാഞ്ഞതുകാരണം വീട് നിർമ്മിക്കാനുള്ള സഹായവും കിട്ടില്ലെന്നാണ് അധികൃതർ നിരത്തിയ ന്യായം. ഈ അവസ്ഥയിലാണ് പ്രതീക്ഷയിലെ സിസ്റ്റർമാരുടെ ഇടപെടലിന്റെ ഫലമായി ഒരുകൂട്ടം എൻജിനീയറിംഗ് വിദ്യാർത്ഥികൾ അപ്പുവിന് വീട് നിർമ്മിച്ചു നൽകാൻ മുന്നോട്ടുവന്നു. ഇതനുസരിച്ച് രണ്ട് മുറിയും അടുക്കളയുമുള്ള വീടിന്റെ പണി തുടങ്ങി. എന്നാൽ മുൻവശത്തെ തോടിനും പുറകുവശത്തെ പാടത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ബലമായ അടിത്തറ കെട്ടി പില്ലർ വാർത്തപ്പോഴേക്കും രണ്ടര ലക്ഷം രൂപയോളം ചെലവായി. പിന്നീട് അരയാൾപൊക്കത്തിൽ ഭിത്തികെട്ടിയപ്പോഴേക്കും അവരുടെ കൈയ്യിലെ പണം മുഴുവൻ തീർന്നു. പട്ടയമില്ലാത്ത ഭൂമിയായതിനാൽ ബാങ്കിൽ നിന്ന് ലോണെടുത്ത് പണി പൂർത്തിയാക്കാമെന്ന് വിചാരിച്ചാൽ അതിന് നിയമപരമായ തടസ്സങ്ങൾ വേറെയുണ്ട്. അതോടെ അപ്പുവിന്റെ വീടെന്ന സ്വപ്നവും അസ്തമിച്ചു. പണിപാതിവഴിയിലായ വീട്ടിൽ ഒരു പ്ലാസ്റ്റിക് പടുതായ്ക്ക് കീഴിൽ കൊടുംതണുപ്പും കനത്തവെയിലുമേറ്റ് അന്തിയുറങ്ങുകയാണ് ഇപ്പോൾ അപ്പുവും കുടുംബവും. അപ്പുവിന് മൂന്നും ഒന്നും വയസ്സുള്ള രണ്ട് സഹോദരിമാർ കൂടിയുണ്ട്. പന്തൽപണിക്കാരനായ ധനീഷിന്റെ ചെറിയവരുമാനത്തിലാണ് ഈ കുടുംബം കഴിയുന്നത്. എങ്കിലും
അപ്പുവിന്റെ നിഷ്‌കളങ്കമായ ചിരി മങ്ങാതിരിക്കാൻ, പാതിവഴിയിലായ വീടിന്റെ പണി പൂർത്തിയാക്കാൻ സന്നദ്ധസംഘടനകളോ ഫേസ്ബുക്ക് കൂട്ടായ്മകളോ വ്യക്തികളോ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
പറത്തിക്കളിക്കാം പരാതി
2019 സെപ്റ്റംബർ 16ന് പി 190900084 എന്ന ഡോക്കറ്റ് നമ്പർ പ്രകാരമാണ് പ്രസന്നൻ ഇത്തിത്താനം മുഖ്യമന്ത്രിക്ക് ഓൺലൈനിൽ പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് അത് കോട്ടയം കളക്ടർക്ക് കൈമാറി. 19ന് പരാതി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. 28ന് അത് കുറിച്ചി ഗ്രാമപഞ്ചായത്തിനും കൈമാറി. മാസങ്ങൾക്ക് ശേഷം നവംബർ 15 ന് കുറിച്ചി ഗ്രാമപഞ്ചായത്ത് ഈ പരാതിയെക്കുറിച്ച് അന്വേഷിച്ച് കോട്ടയം ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടർക്ക് റിപ്പോർട്ട് അയച്ചു. പിന്നീട് 2020 ജനുവരി 17 ന് ഡെപ്യൂട്ടി പഞ്ചായത്ത് ഡയറക്ടർ ഈ പരാതി തിരിച്ച് കോട്ടയം കളക്ടർക്ക് അയച്ചുകൊടുത്തു. ജനുവരി 20 ന് കോട്ടയം കളക്ടറുടെ ഓഫീസ് പരാതി ചങ്ങനാശേരി താലൂക്ക് ഓഫീസിന് വീണ്ടും കൈമാറിയതായി അറിയിപ്പുണ്ടായി. ഇത്തരത്തിൽ പരാതി സംബന്ധിച്ച നാൾവഴികളിൽ പ്രസന്നന്റെ മൊബൈൽ ഫോണിൽ അറിയിപ്പുകൾ വന്നുകൊണ്ടിരുന്നതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല.