കോട്ടയം : രണ്ട് പ്രളയത്തിൽ കരകവിഞ്ഞൊഴുകിയതാണ് ജില്ലയിലെ നദികൾ. മഴയ്ക്കും കുറവുണ്ടായില്ല. പക്ഷേ, മഴമാറിയപ്പോൾ മെലിഞ്ഞുണങ്ങി. മീനച്ചിൽ- മണിമലയാറുകളിൽ പാദത്തിനൊപ്പം പോലും വെള്ളമില്ല. ചിലയിടങ്ങളിൽ കാടുപിടിച്ചു. ഈ പോക്കുപോയാൽ കഴിഞ്ഞതിന് സമാനമായ വരൾച്ചയുണ്ടാകുമെന്ന് ശാസ്ത്ര ലോകവും ഉറപ്പിക്കുന്നു.
2018ൽ കാലവർഷവും 2019ൽ കാലവർഷവും തുലാവർഷവും ശക്തമായി പെയ്തിട്ടും പുഴകൾ മെലിഞ്ഞുണങ്ങുന്നതിന് കാരണം ജലസംരക്ഷണ മാർഗങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നതാണ്. 2018ൽ പ്രളയം ഉൾപ്പെടെ കൂടുതൽ മഴ ലഭിച്ചിട്ടും നാലു മാസത്തോളം കടുത്ത വരച്ചയെ ജില്ല അഭിമുഖീകരിച്ചിരുന്നു. ശരാശരിയേക്കാൾ 60 മില്ലീമീറ്റർ അധിക മഴയാണ് അന്ന് പെയ്തത്. 2019 കാലവർഷത്തിൽ 13 ശതമാനത്തിന്റെയും തുലാവർഷത്തിൽ 45 ശതമാനത്തിന്റെയും വർദ്ധനയുണ്ടായിട്ടും പുഴകളിലേക്കുള്ള കൈവഴികളിൽ പലതിന്റെയും ഒഴുക്കു നിലച്ചു.
കാരണങ്ങൾ ഇവ
ആറുകളിലെ ജലം താഴാതെ ഒഴുകി പോകുന്നു
പ്രളയത്തിനു ശേഷം അടിഞ്ഞ പൊടിമണലിൽ വെള്ളം താഴുന്നില്ല
വീടുകളുടെയും സ്ഥാപനങ്ങളുടെയും മുറ്റത്ത് ടൈൽ പാകിയത്
ജലനിരപ്പ് താഴുന്നു
മീനച്ചിലാറ്റിലും മണിലയാറ്റിലും ജലനിരപ്പ് മൈനസിലാണ്. ഹൈഡ്രോളജി ഡിപ്പാർട്ട്മെന്റിന്റെ കണക്ക് പ്രകാരം മണിമലയാറിൽ -1.08ഉം മീനച്ചിലാറ്റിൽ -1.04ഉം ആണ് ജലനിരപ്പ്.
2019ൽ മഴക്കണക്ക് (മില്ലിമീറ്ററിൽ)
ജനുവരി- ഫെബ്രുവരി 16.9
മാർച്ച്-മേയ് 148.9
ജൂൺ- സെപ്തംബർ 2124
ഒക്ടോബർ-ഡിസംബർ 778.3
'' മരംവെട്ടിയതും പാറഖനനവും എല്ലാം പ്രതികൂലമായി. മഴവെള്ളം താഴാനുള്ള സംവിധാനങ്ങൾ ഒരുക്കണം. പരമാവധി മഴ വെള്ള സംഭരണികൾ ഊർജിതമാക്കണം. കിണർ റീച്ചാർജിംഗ് ഉൾപ്പെടെയുള്ള കാര്യത്തിൽ കൂടുതൽ പ്രോത്സാഹനം വേണം''
- ഡോ. രാജഗോപാൽ കമ്മത്ത്, ശാസ്ത്ര നിരീക്ഷകൻ