കോട്ടയം : രാജ്യത്തിന്റെ 71-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികൾ ഇന്ന് രാവിലെ 8 ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ആരംഭിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി ദേശീയ പതാക ഉയർത്തും.

പൊലീസ്, എക്‌സൈസ്, ഫോറസ്റ്റ്, സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, ബാൻഡ് എന്നീ വിഭാഗങ്ങൾ അണിനിരക്കുന്ന പരേഡിന്റെ അഭിവാദ്യം മന്ത്രി സ്വീകരിക്കും.
പൊൻകുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ വി.കെ. വിജയരാഘവനാണ് പരേഡ് കമാൻഡർ. ജില്ലാ ഹെഡ്ക്വാർട്ടർസ് സബ് ഇൻസ്പെക്ടർ കെ.രാജേഷ്, കോട്ടയം വെസ്റ്റ് സബ് ഇൻസ്‌പെക്ടർമാരായ ടി. സുമേഷ്, വി. സ്വാതി, എക്‌സൈസ് ഇൻസ്‌പെക്ടർ എൻ.വി. സന്തോഷ് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സബിത, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ജി. മഹേഷ് എന്നിവർ പരേഡിൽ വിവിധ പ്ലാറ്റൂണുകളെ നയിക്കും.

കോട്ടയം എം.ഡി. എച്ച്.എസ്.എസ്, ഗവ. കോളേജ്, ബി.സി.എം കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള നാലു പ്ലാറ്റൂണുകൾ എൻ.സി.സി സീനിയർ വിഭാഗത്തിലും വടവാതൂർ ജവഹർ നവോദയ വിദ്യാലയത്തിൽ നിന്നുള്ള രണ്ട് പ്ലാറ്റൂണുകളിൽ എൻ.സി.സി ജൂണിയർ വിഭാഗത്തിലും പരേഡിൽ അണിനിരക്കും. സ്റ്റുഡന്റ് പൊലീസ് പ്ലാറ്റൂണുകളിൽ മണർകാട് സെന്റ് മേരീസ് എച്ച്.എസ്.എസ്, പുതുപ്പള്ളി ഗവ.എച്ച്.എസ്.എസ്, കോട്ടയം സെന്റ് ആൻസ് എച്ച്.എസ്.എസ്, കോട്ടയം എം.ടി. എച്ച്.എസ്.എസ്, എം.ഡി.എച്ച്.എസ്.എസ്, മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണുള്ളത്.

കോട്ടയം ബേക്കർ മെമ്മോറിയൽ ജി.എച്ച്.എസ്, സി.എം.എസ് എച്ച്.എസ്.എസ്, മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ ഗൈഡ്‌സ് പ്ലറ്റൂണുകളും സ്‌കൗട്ട് വിഭാഗത്തിൽ ചങ്ങനാശേരി എസ്.ബി.എച്ച്.എസ്.എസ്, കോട്ടയം സി.എം.എസ് എച്ച്.എസ്.എസ്, കുടമാളൂർ സെന്റ് മേരീസ് യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ പ്ലാറ്റൂണുകളും പങ്കുചേരും.

ജീവനക്കാർ പങ്കെടുക്കണം : കളക്ടർ

ജില്ലയിൽ ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലും തുടർന്നുള്ള ഓഫീസ് ശുചീകരണ പ്രവർത്തനങ്ങളിലും എല്ലാ ജീവനക്കാരും നിർബന്ധമായും പങ്കെടുക്കണമെന്ന് കളക്ടർ പി.കെ.സുധീർ ബാബു അറിയിച്ചു. സബ്ഡിവിഷണൽ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തലങ്ങളിലെ സർക്കാർ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, യൂണിവേഴ്‌സിറ്റി, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിക്കണം. ആഘോഷ പരിപാടികളിൽ ഹരിതനിയമാവലി പാലിക്കണമെന്നും കളക്ടർ അറിയിച്ചു.