പാലാ :ഇരുനൂറിലേറെ നാടക ഗാനങ്ങൾക്കു ജീവൻ പകർന്ന ആലപ്പി ബെന്നിയുടെ ജീവിതം ഏകാന്തതയുടെ ശ്രുതി മീട്ടുകയാണിപ്പോൾ. അനാഥരെ പരിപാലിക്കുന്ന പാലാ മരിയാ സദന്റെ ചുവരുകൾക്കുള്ളിലിരുന്ന് കരുണാമയനായ കർത്താവിനെ സ്തുതിച്ചുപാടുമ്പോൾ ബെന്നി വേദനകൾ മറക്കുന്നു. 1996 മാർച്ച് 9ന് കൊല്ലത്തുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഇടതുകാൽ നഷ്ടപ്പെട്ടതോടെയാണ് ബെന്നിയുടെ ജീവിതം ഒറ്റപ്പെടലിന്റെ ലോകത്ത് അകപ്പെട്ടത്.
'വാഴ്ക, വാഴ്ക വാഴ്ക ക്രിസ്തുരാജാ.... ' നടൻ മോഹൻലാൽ ആദ്യമായി പാടിയ ക്രിസ്ത്യൻ ഭക്തിഗാനം, മരിയാ സദനിലെ കൊച്ചു മുറിയിലിരുന്ന് ആവർത്തിച്ചാവർത്തിച്ച് കേട്ടിട്ടും ഇതിന്റെ സംഗീത സംവിധായകനായ ആലപ്പി ബെന്നിക്ക് മതി വരുന്നില്ല. മോഹൻലാലിന്റെ പാട്ട് സി.ഡി.യിലൂടെ ഒഴുകുമ്പോൾ അതിനൊപ്പം ഹാർമോണിയം മീട്ടി പാടുകയാണീ സംഗീതജ്ഞൻ. വരുന്ന ചൊവ്വാഴ്ച വൈകിട്ട് മരിയാ സദനിലെ ഓഡിറ്റോറിയത്തിൽ ബെന്നി സംഗീതമൊരുക്കിയ 'ദിവ്യ ഗീതങ്ങൾ ' ഓഡിയോ സി.ഡി. യുടെ പ്രകാശനം നടക്കും. സി.ഡി.യിൽ മോഹൻലാൽ പാടിയ പാട്ട് ബെന്നി അന്ന് വിശിഷ്ടാതിഥികളുടെ മുന്നിൽ ആലപിക്കും.
നിലച്ചുപോയ സംഗീതയാത്ര
മലയാള മെലഡി ഗാനങ്ങളുടെ രാജാവായിരുന്ന എം.എസ്. ബാബുരാജിന്റെ ശിഷ്യനായ ആലപ്പി ബെന്നിക്ക് കാൽ നഷ്ടപ്പെട്ടതോടെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സംഗീതയാത്ര നിലച്ചു. കുടുംബ ജീവിതം തകർന്നു. മനസ്സിലും ദേഹത്തും വേദന പടർന്നു. നാടക ഗാനങ്ങൾ വിട്ട് ആലപ്പി ബെന്നി കരുണാമയനായ കർത്താവിന്റെ ഗീതങ്ങളിലേക്ക് തിരിഞ്ഞു. ബെന്നിയുടെ അഞ്ചാമത്തെ ഭക്തിഗാന സി.ഡി.യിലാണ് മോഹൻലാലും പാടിയത്. സാധാരണ ഗായകർ ഒരു മണിക്കൂർ എടുത്ത് പാടി റെക്കാഡ് ചെയ്യുന്ന ഗാനം ലാൽ 15 മിനിട്ടു കൊണ്ട് പാടി ശരിയാക്കിയപ്പോൾ ബെന്നിക്കും അദ്ഭുതം. ബെന്നിയുടെ ശിഷ്യൻ കൂടിയായ സംഗീത സംവിധായകൻ ശരത്, എം.ജി. ശ്രീകുമാർ, കെ.ജി. മാർക്കോസ്, ബിജു നാരായണൻ, ദലീമ തുടങ്ങിയവരും ' ദിവ്യ ഗീത ' ങ്ങളിൽ പാടിയിട്ടുണ്ട്. മാണി. സി. കാപ്പൻ എം. എൽ. എ ദിവ്യ ഗീതങ്ങൾ പ്രകാശനം ചെയ്യും. മുണ്ടാങ്കൽ സെന്റ് ഡൊമിനിക്‌സ് പള്ളി വികാരി ഫാ. മാത്യു കിഴക്കേ അരഞ്ഞാണിയിൽ ഏറ്റുവാങ്ങും. സി.ഡി.യിലെ പാട്ടുകൾ ആലപ്പി ബെന്നി അന്ന് ആലപിക്കും.