കോട്ടയം: എം.സി റോഡിൽ നിയന്ത്രണം വിട്ട കാർ മൂന്നു വാഹനങ്ങലിൽ ഇടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു. കാർ ഓടിച്ചിരുന്ന അതിരമ്പുഴ അയലാറ്റിൽ ജോസ്(52), സ്‌കൂട്ടറിലുണ്ടായ അമ്മഞ്ചേരി സ്വദേശി എലോയ്(21), കുമരകം സ്വദേശി ആൽവിന് ജോസഫ്(22) എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരതരമല്ല. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നു മണിയോടെ ചൂട്ടുവേലി ജംഗ്ഷനിലായിരുന്നു അപകടം. നാഗമ്പടം ഭാഗത്തു നിന്നും ഏറ്റുമാനൂരിലേയ്‌ക്കു പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം മിനി ലോറിയിലും, പിന്നീട് പിന്നാലെ എത്തിയ ‌സ്‌കൂട്ടറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിൽ ഓയിൽ പടർന്നൊഴുകി. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ റോഡിൽ വീണ ഓയിൽ മണ്ണിട്ട് അപകടം ഒഴിവാക്കി. തുടർന്ന് അപകടത്തിൽപ്പെട്ട വാഹനങ്ങൾ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ റോഡരികിലേയ്ക്കു മാറ്റിയിട്ടു. അപകടത്തെ തുടർന്ന് എം.സി.റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.