പാലാ: വാളിനേക്കാൾ മൂർച്ചയുള്ള വാക്കുകളായിരുന്നു ഡോ. സുകുമാർ അഴീക്കോടിന്റേതെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു. സമകാലിക കേരളത്തിൽ സുകുമാർ അഴീക്കോടിന്റെ വിയോഗം ശൂന്യത സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയ വിമർശനമായിരുന്നു അഴീക്കോടിന്റെ ശൈലി. അദ്ദേഹത്തിനു പകരക്കാരൻ ഇല്ലാത്തത് കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്തെ ശ്യൂന്യമാക്കിയിരിക്കുകയാണ്. അഴീക്കോടിന്റെ പ്രസക്തി കാലം തെളിയിച്ചതായും മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ. ജോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. സിന്ധുമോൾ ജേക്കബ്, സാബു എബ്രാഹം, അനൂപ് ചെറിയാൻ, ബിനു പെരുമന, ബിജു എബ്രഹം എന്നിവർ പ്രസംഗിച്ചു.