കോട്ടയം : അന്വേഷണ മികവിനുള്ള രാഷ്‌ട്രപതിയുടെ പൊലീസ് മെഡലിന്റെ തിളക്കത്തിലാണ് ചങ്ങനാശേരി ഡി.വൈ.എസ്.പി എസ്.സുരേഷ്‌കുമാറും, വിജിലൻസ് ഡിവൈ.എസ്.പി എൻ.രാജനും. നാലു തവണ ബാഡ്‌ജ് ഒഫ് ഓണർ പുരസ്‌കാരം നേടിയ സുരേഷ‌്‌കുമാറിന് ക്രമസമാധാന രംഗത്തെ മികവിന്റെ പേരിലാണ് ഇത്തവണത്തെ മെഡൽ. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ആയിരിക്കെ, പാമ്പാടിയിൽ മിമിക്രി കലാകാരൻ ലെനീഷിനെ കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽക്കെട്ടി റോഡരികിൽ ഉപേക്ഷിച്ച കേസിലായിരുന്നു ആദ്യം ബാഡ്‌ജ് ഒഫ് ഓണർ ലഭിച്ചത്. പിന്നീട്, രണ്ടു തവണ വിജിലൻസിലെ സ്‌ത്യുതർഹമായ സേവനത്തിന്റെ പേരിലും, സംസ്ഥാന വ്യാപകമായി നടന്ന എ.ടി.എം കൊള്ളകളിൽ തുമ്പുണ്ടാക്കിയതിനും പുരസ്‌കാരം ലഭിച്ചു. നേരത്തെ ചങ്ങനാശേരി ഡിവൈ.എസ്.പിയായിരുന്നു എൻ.രാജൻ. അഴിമതിക്കാരായ നിരവധി ഉദ്യോഗസ്ഥരെയാണ് എൻ.രാജന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കഴിഞ്ഞ ദിവസങ്ങളിൽ കുടുക്കിയത്.