കോരൂത്തോട്: റിപ്പബ്ലിക് ദിനാഘോഷം ഇന്നത്തെ തലമുറയ്ക്ക് വെറുമൊരു ആചാരം മാത്രമാണെങ്കിൽ സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ.രവീന്ദ്രൻ വൈദ്യർക്ക് ആ ഓർമ്മകൾപോലും ആവേശത്തിന്റേയും കരുത്തിന്റേയും തിരതള്ളലാണ്. മനസ്സും ശരീരവും തളരാത്ത 95 ന്റെ ചെറുപ്പം. പറഞ്ഞുതുടങ്ങിയാൽ തീരാത്ത വീരകഥകൾ. നാടിനു വേണ്ടി പടപൊരുതി ത്യാഗങ്ങൾ അനുഭവിച്ച കാലം ഇന്നലെ കഴിഞ്ഞതുപോലെ
1946ലാണ് ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ നിയമലംഘനം നടത്തിയതിന്റെ പേരിൽ രവീന്ദ്രൻ വൈദ്യൻ ജയിലിലാകുന്നത്. അന്ന് പൂഞ്ഞാറ്റിലാണ് താമസം. ബ്രിട്ടീഷ് പൊലീസിന്റെ പിടിയിലായി. പിന്നീട് അവിടന്നു ജയിലുകളിൽ നിന്നും ജയിലുകളിലേയ്ക്ക്. രണ്ടു വർഷത്തേക്കായിരുന്നു കോടതിയുടെ ശിക്ഷാവിധി. ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം, ചങ്ങനാശ്ശേരി, കോട്ടയം, വെമ്പായം തുടങ്ങിയ ജയിലുകളിലായി മാറിമാറി കഴിഞ്ഞു.പിന്നീട് സെൻട്രൽ ജയിലിലേക്കു മാറ്റി. പതിനൊന്നുമാസം അവിടെയാണ് കഴിഞ്ഞത്. എല്ലാ ജയിലുകളിലും ബ്രിട്ടീഷുകാരുടെ ഉദ്യോഗസ്ഥർ ക്രൂര മർദ്ദനമാണ് നടത്തിയത്.
സർ സി.പി.യുടെ കാലം പട്ടിണികൊണ്ടു ജനം വലയുന്ന സമയമായിരുന്നു. പാലായിൽ തഹസീൽദാരെ കാണാൻ 250പേർ പട്ടിണി ജാഥ നയിച്ചു. അതിൽ താനടക്കം 13 പേർ മുൻ നിരയിൽ. പൊലീസ് എല്ലാവരെയും പിടികൂടി. പിടിയിലായ തങ്ങളെ വാഹനത്തിന്റെ നിലത്തിരുത്തി. ഇതു ചോദ്യം ചെയ്തപ്പോൾ പൊലീസിന്റെ ക്രൂര മർദ്ദനം. 1943ൽ തിരുവിതാംകൂർ കർഷക സംഗമത്തിനായി പൂഞ്ഞാറ്റിലെത്തിയ സി.കേശവന്റെ പ്രസംഗമാണ് രവീന്ദൻവൈദ്യരെ സ്വാതന്ത്ര്യസമരസേനാനിയാക്കിമാറ്റിയത്.:'മനുഷ്യ ജീവിതത്തിൽ സാഹചര്യം ഹനിക്കുന്ന സേഛ്ചാധിപത്യം കടപുഴകണം, ഇതിനായി യുവാക്കൾ മുന്നോട്ടു വരണം.'ആവാക്കുകൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. ഇംഗ്ലീഷുകാരുടെ കൈകളിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ പങ്കാളിയായതിലെ സന്തോഷത്തിനൊപ്പം നാട് ആദരിച്ചതിലെ സന്തോഷവും രവീന്ദ്രൻ വൈദ്യർക്കും കുടുംബത്തിനുമുണ്ട്. 1972 ഇന്ദിരാഗാന്ധി ചെമ്പു തകിടിൽ താമ്ര പത്രം നൽകിയാണ് രവീൻന്ദ്രൻ വൈദ്യരെ ആദരിച്ചത്. 2003ൽ രാഷ്ട്ര പതിയുടെ ആദരവിനും അർഹത നേടിയിരുന്നു. പൂഞ്ഞാർ മങ്കുഴി,കുഞ്ഞൻ-കല്യാണിയമ്മ ദമ്പതികളുടെ മകനായ എം.കെ രവീന്ദ്രന്റെ ഭാര്യ സരോജനിയമ്മയാണ്. പൂഞ്ഞാറ്റിൽ നിന്നും പിന്നീട് കൃഷിനടത്താനായി കോരുത്തോട്ടിലേയ്ക്കു താമസം മാറ്റി. സ്വാതന്ത്ര്യ സമര സേനാനി എന്ന പേരിൽ വിശ്രമിക്കാനൊന്നും രവീന്ദ്രൻ വൈദ്യർ തയ്യാറല്ല. പ്രായത്തെ വകവെക്കാതെ പൊതു പ്രവർത്തനരംഗത്ത് സജീവമാണ്. കേരള കർഷക സംഘം പ്രസിഡന്റ്, മുണ്ടക്കയം കോരുത്തോട് റോഡ് നിർമ്മാണ കമ്മറ്റി ചെയർമാൻ, സി.പി.ഐ.ബ്രാഞ്ചു സെക്രട്ടറി, ലോക്കൽ കമ്മറ്റിയംഗം, എസ്.എൻ.ഡി.പി യോഗം ശാഖാ പ്രസിഡന്റ്, യൂണിയൻ കൗൺസിലർ കോരുത്തോട് സി.കെ.എം.എച്.എസ്.എസ്.മാനേജർ, സഹകരണബാങ്ക ബോഡ് മെമ്പർ, ഫ്രീഡംഫൈറ്റർ അസോസിയേഷൻ അഡൈ്വസറി മെമ്പർ, കോട്ടയം ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തന രംഗത്തു സജീവമായിരുന്നു.ഇന്നും ചിലസംഘടനകളുമായുള്ള ബന്ധം ശക്തമായി സൂക്ഷിക്കുന്നു.