last-kiss
ചിത്രം.1 ഒരു വീട്ടിലെ മൂന്നു പേര്‍ ആത്മഹത്യ ചെയ്ത വരുടെ മൃദദേഹങ്ങള്‍ പാറത്തോട് സെന്റ് ജോര്‍ജ് ഫെറോന പള്ളിയില്‍ അന്ത്യകര്‍മ്മങ്ങള്‍ക്കായി എത്തിയപ്പോള്‍. ചിത്രം .2. ഇളയ മകള്‍ അലീന മാതാവ് മിനിയ്ക്ക് അന്ത്യ ചുംബനം നല്‍കുന്നു.

അടിമാലി: പപ്പയുടെയും അമ്മയുടെയും ചേട്ടന്റെയും അന്ത്യയാത്ര ബന്ധുവിന്റെ തോളിലേറി ആ അഞ്ച് വയസുകാരി സാക്ഷിയായി. ഇന്നലെ വരെ തന്റെ എല്ലാമെല്ലാമായിരുന്നവർക്ക് നിറകണ്ണുകളോടെ അലീന അന്ത്യചുംബനം നൽകിയപ്പോൾ ആ ദേവാലയമൊരു സങ്കടകടലായി മാറി. ഇന്നലെ പാറത്തോട് സെന്റ് ജോർജ് ഫെറോന പള്ളിമുറ്റത്തെത്തിയ തെള്ളിത്തോട് നിവാസികളിൽ കണ്ണ് നിറയാത്തവരായി ആരും ബാക്കിയുണ്ടായിരുന്നില്ല. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം 2.30നാണ് മൂന്ന് മൃതദേഹങ്ങളും വഹിച്ചുകൊണ്ടുള്ള രണ്ട് ആംബുലൻസുകൾ എത്തിയത്. റോഷി അഗസ്റ്റ്യൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, അടിമാലി ബ്ലോക്ക് മെമ്പർ സി.കെ. പ്രസാദ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു. അന്ത്യ കർമ്മങ്ങൾക്ക് പള്ളി വികാരി ഫാ. ജോസ് ചെമ്മരപ്പള്ളിൽ നേതൃത്വം നൽകി. അബിൻ ജോസഫ് പഠിച്ചിരുന്ന പാറത്തോട് സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂളിലെ സഹപാഠികളും ഹെഡ്മാസ്റ്ററും ക്ലാസ് ടീച്ചറും അന്തിമോപചാരം അർപ്പിക്കാൻ പള്ളിയിൽ എത്തിയിരുന്നു. മരിച്ച മൂന്ന് പേരെയും ഒരു കല്ലറയിലാണ് അടക്കിയത്. 23നാണ് കമ്പിളികണ്ടം തെള്ളിതോട്ടിൽ അർത്തിയിൽ ജോസഫ് (48) ഭാര്യ മിനി (42) മകൻ അബിൻ ജോസഫ്(12) എന്നിവർ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10.30ന് 5 വയസുള്ള ഇളയ മകൾ അലീന ഫോണിൽ വിളിച്ച് പറഞ്ഞതനുസരിച്ചാണ് നാട്ടുകർ വിവരം അറിയുന്നത്. ഇവർക്ക് സ്വന്തമായി ഉണ്ടായിരുന്നത് 30 സെന്റ് ഭൂമിയും പണി തീരാത്ത ഒരു വീടുമാണ്. കൂലി പണിക്കാരനായ ജോസഫിനും താങ്ങാൻ കഴിയാത്ത രീതിയിൽ സാമ്പത്തിക ബാദ്ധ്യത വന്നതാണ് കൂട്ട ആത്മഹത്യ ചെയ്യാൻ കാരണം. രണ്ട് മാസം മുമ്പാണ് ജോസഫിന്റെ സഹോദരൻ റോയി ആത്മഹത്യ ചെയ്തത്. ഈ കുടുംബത്തിലെ അവശേഷിക്കുന്ന അലീനയുടെ ജീവിതം സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുന്നു.