കോട്ടയം: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ജില്ലയെ മാലിന്യ മുക്തമാക്കുന്നതിനായി നടത്തിയ ശുചീകരണ യജ്ഞത്തിലൂടെ നീക്കം ചെയ്തത് ടൺ കണക്കിന് അജൈവ മാലിന്യങ്ങൾ. എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും പ്രധാന റോഡുകളുടെ വശങ്ങളിലാണ് ശുചീകരണം നടന്നത്. ജനപ്രതിനിധികൾക്കും ഹരിത കർമ്മ സേനയ്ക്കുമൊപ്പം സന്നദ്ധ സംഘടന പ്രവർത്തകരും വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും തൊഴിലാളികളും പൊതുജനങ്ങളും യജ്ഞത്തിൽ പങ്കുചേർന്നു. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ നിർദേശപ്രകാരം ജില്ലാ ശുചിത്വമിഷനാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
കോട്ടയം നഗരസഭയിലെ 52 വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. കൗൺസിലർമാർ നേതൃത്വം നൽകി. ശേഖരിച്ച ജൈവമാലിന്യങ്ങൾ അതത് പ്രദേശങ്ങളിൽ കുഴിച്ച് മൂടി. അജൈവ മാലിന്യങ്ങൾ കോടിമത പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റിലേക്ക് മാറ്റി.
ചങ്ങനാശേരി നഗരസഭാ പരിധിയിലെ റോഡ് ശുചീകരണ യജ്ഞം നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ബൈപ്പാസ് റോഡിൽ റെയിൽവേ സ്റ്റേഷന് മുൻവശത്ത് നടത്തിയ ശുചീകരണത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഫാത്തിമപുരത്തെ എം.സി.എഫിലേക്ക് മാറ്റി.
കുറിച്ചി ഗ്രാമപഞ്ചായത്തിലെ മന്ദിരം കവല മുതൽ ചെറുവേലിപ്പടി വരെയുള്ള മൂന്നു കിലോമീറ്റർ റോഡ് ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുളപ്പഞ്ചേരിയും വിജയപുരം ഗ്രാമപഞ്ചായത്തിൽ വടവാതൂർ ജംഗ്ഷനിലെ പാതയോര ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് സിസി ബോബിയും ഉദ്ഘാടനം ചെയ്തു.
പുതുപ്പള്ളി ഗ്രാമപഞ്ചായത്തിൽ കോട്ടയം കോഴഞ്ചേരി റോഡിൽ റബർ ബോർഡ് ജംഗ്ഷൻ, നിലയ്ക്കൽ പള്ളി ജംഗ്ഷൻ, വെട്ടത്ത് കവല ജംഗ്ഷൻ എന്നിവിടങ്ങളിലായിരുന്നു ശുചീകരണം. പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ഇ.ആർ. സുനിൽ കുമാറും അയർക്കുന്നം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് മോളി തോമസും പരിപാടി ഉദ്ഘാടനം ചെയ്തു.വാഴൂർ ഗ്രാമപഞ്ചായത്തിൽ 19ാം മൈൽ, 14 ാം മൈൽ എന്നിവിടങ്ങളിൽ നിന്നും കൊടുങ്ങൂർ വരെയുള്ള പാതയോര ശുചീകരണം പ്രസിഡന്റ് പ്രൊഫ. എസ്. പുഷ്‌ക്കലാ ദേവി ഉദ്ഘാടനം ചെയ്തു. വെള്ളാവൂർ ഗ്രാമപഞ്ചായത്തിൽ കടയനിക്കാട് മുതൽ മണിമല വരെയുള്ള പാതയോരമാണ് ശുചീകരിച്ചത്.
നെടുംകുന്നത്ത് കറുകച്ചാൽ മണിമല റോഡിലെ ടൗൺ ഭാഗവും ശുചിയാക്കി. കറുകച്ചാൽ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ബി. ബിജുകുമാറും കങ്ങഴയിൽ പ്രസിഡന്റ് പ്രദീപ് കുമാറും ഉദ്ഘാടനം ചെയ്തു.
കുമരകം പഞ്ചായത്തിൽ കോട്ടയം കുമരകം ചേർത്തല റോഡിന്റെ അഞ്ച് കിലോമീറ്ററോളം ദൂരത്തെ മാലിന്യങ്ങൾ നീക്കി. ആർപ്പൂക്കര പഞ്ചായത്തിലെ അമ്പലക്കവല മുതൽ മെഡിക്കൽ കോളേജ് വരെയുള്ള ഭാഗം വൃത്തിയാക്കി. നീണ്ടൂർ പഞ്ചായത്തിൽ നീണ്ടൂർ ഏറ്റുമാനൂർ റോഡും അതിരമ്പുഴയിൽ അടിച്ചിറ ഏറ്റുമാനൂർ റോഡും തിരുവാർപ്പ് പഞ്ചായത്തിൽ പഞ്ചായത്ത് ഓഫീസ് റോഡും വൃത്തിയാക്കി.
വാകത്താനത്തെ ശുചീകരണ പ്രവർത്തനങ്ങൾ പ്രസിഡന്റ് പി.ബി പ്രകാശ് ചന്ദ്രനും തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് എൻ. രാജുവും നേതൃത്വം നൽകി. മാടപ്പള്ളി ഗ്രാമ പഞ്ചായത്തിൽ ചങ്ങനാശ്ശേരി വാഴൂർ റോഡ് തെങ്ങണ മുതൽ ദൈവം പടി വരെ മാലിന്യമുക്തമാക്കി.
വാഴപ്പള്ളി പഞ്ചായത്തിൽ ശുചീകരണ പ്രവത്തനങ്ങൾക്ക് പഞ്ചായത്ത് പ്രസിഡന്റ് തോമസ് പ്ലാമൂട്ടിൽ നേതൃത്വം നൽകി. കൂട്ടിക്കൽ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് കെ.ആർ. രാജിയും മുണ്ടക്കയത്ത് പഞ്ചായത്തംഗം ബേബിച്ചൻ പ്ലാക്കാട്ടും എരുമേലിയിൽ പ്രസിഡന്റ് ടി.കെ കൃഷ്ണകുമാറും നേതൃത്വം നൽകി.