പൊൻകുന്നം: കോട്ടയം കുമരകത്ത് ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടന വേദിയിൽ പരിസ്ഥിതി പ്രവർത്തക സാലു മരദ തിമ്മക്കയുടെ വാക്കുകൾ പരിഭാഷപ്പെടുത്തിയത് പൊൻകുന്നം സ്വദേശിയായ പരിസ്ഥിതി പ്രവർത്തകൻ എസ്. ബിജു. അഞ്ചുവർഷം ഉഡുപ്പിയിൽ നിയമവിദ്യാർഥിയായിരുന്നപ്പോൾ കന്നട ഭാഷയിൽ നേടിയ പ്രാവീണ്യമാണ് ബിജുവിന് തുണയായത്. വൃക്ഷ പരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോ-ഓർഡിനേറ്ററായ ബിജു കഴിഞ്ഞ ഒക്ടോബറിൽ ബെംഗളുരുവിലെ പിനിയയിൽ മഞ്ജുനാഥ് നഗറിലെ തിമ്മക്കയുടെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. സംസ്ഥാന വനംവന്യജീവി ബോർഡംഗവും പരിസ്ഥിതി പ്രവർത്തകനും വൃക്ഷമിത്ര അവാർഡ് ജേതാവുമായ കെ. ബിനുവിനൊപ്പമാണ് അന്നെത്തിയത്. ഇക്കാര്യമറിയാവുന്ന സംവിധായകൻ ജയരാജിന്റെ നേതൃത്വത്തിലുള്ള സംഘാടകരാണ് ബിജുവിനെ ദ്വിഭാഷിയായി നിയോഗിച്ചത്.വാടക വീട്ടിൽ കഴിയുന്ന തിമ്മക്ക ഇതിനകം ആയിരക്കണക്കിന് ആൽമരങ്ങൾ കർണാടകയിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. നിരനിരയായി മരങ്ങൾ നടുക എന്നർഥമുള്ള വാക്കായ സാലു മരദ എന്നു കൂടി അന്നാട്ടിലെ പരിസ്ഥിതി പ്രവർത്തകർ തിമ്മക്കയുടെ പേരിനൊപ്പം ചേർത്ത് വിശേഷിപ്പിക്കുകയായിരുന്നുവെന്ന് ബിജു പറയുന്നു. കർണാടകയിലെ പാഠപുസ്തകങ്ങളിലും തിമ്മക്കയുടെ ജീവിത കഥ ഉൾപ്പെടുത്തിയിട്ടുണ്ട്. തിമ്മക്ക നട്ട മരങ്ങൾ സംരക്ഷിക്കാൻ റോഡുകളുടെ അലൈൻമെന്റ് മാറ്റിയ സംഭവം വരെയുണ്ടായിട്ടുണ്ടെന്ന് വനംവന്യജീവി ബോർഡംഗം കെ.ബിനുവും പറഞ്ഞു.

ചിറക്കടവ് മണക്കാട്ട് ക്ഷേത്രത്തിൽ കർണാടക സർക്കാരിന്റെ തീർത്ഥാടക ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുമ്പോഴും ബിജു പരിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടന കാലത്ത് കർണാടക വാഹനങ്ങൾ അപകടത്തിൽ പെടുമ്പോൾ കേസ് സംബന്ധിച്ച കാര്യങ്ങൾക്ക് അവരുമായി ആശയവിനിമയം നടത്താൻ പൊൻകുന്നം പോലീസ് ബിജുവിന്റെ സേവനങ്ങൾ തേടാറുണ്ട്.