കോട്ടയം: പാലത്തടിയിൽ കൊത്തിയെടുത്ത കളിപ്പാവകൾ മേൽച്ചുണ്ടിൽ ഉറപ്പിച്ച് മൂഴിക്കൽ പങ്കജാക്ഷിയമ്മ കൊത്തിയെടുത്തത് പത്മശ്രീ. അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവക്കളി എന്ന അത്യപൂർവ കലാരൂപത്തിന്റെ അവസാന കണ്ണികളിൽ ഒരാളാണ് ഉഴവൂർ മോനിപ്പള്ളി ഗ്രാമത്തിൽ താമസിക്കുന്ന ഈ എൺപത്തിമൂന്നുകാരി. പാവക്കളിയിലൂടെ പത്മശ്രീപുരസ്‌കാരം പങ്കജാക്ഷിയമ്മയെ തേടിയെത്തുമ്പോൾ അംഗീകരിക്കപ്പെടുന്നത് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേരളത്തിന്റെ തനത് സംസ്‌കാരമാണ്. മേൽച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പിൽ പാവകളെ നിയന്ത്രിച്ച് നിറുത്തി പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് വേലപ്പണിക്കർ എന്ന വിഭാഗത്തിന്റെ പാരമ്പര്യകലാരൂപമായ നോക്കുവിദ്യ പാവക്കളി. പതിനൊന്നാം വയസിൽ തന്നെ നോക്കുവിദ്യപാവക്കൂത്ത് പഠിച്ച പങ്കജാക്ഷിയമ്മ വിവാഹശേഷം, ഭർത്താവ് എഴുതി നൽകിയ പാട്ടുകൾ ഈണമിട്ടാണ് ഇത് അവതരിപ്പിച്ചിരുന്നത്. ഫോക്‌ലോർ അക്കാഡമിയുടെ ഫെലോഷിപ്പ് നേടിയ പങ്കജാക്ഷിയമ്മ ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിൽ പോയി നോക്കുവിദ്യപാവക്കളി ചെയ്തിട്ടുണ്ട്. ഓർമ്മക്കുറവും, ആരോഗ്യപ്രശ്‌നങ്ങളും മൂലം ഏഴു വർഷം മുൻപ് സജീവ വേദികളിൽ നിന്നു വിരമിച്ചിരുന്നു. പ്രധാനമായും മഹാഭാരതത്തിൽ നിന്നുള്ള കഥകൾ ചെയ്യുന്ന നോക്കുവിദ്യയിൽ രണ്ടു തിരിയിട്ട നിലവിളക്ക് എടുത്ത് കളി തുടങ്ങും. പിന്നീട്, പാവക്കൂത്തിന്റെ അംഗചലനങ്ങളോടെ കഥ അവതരിപ്പിക്കും. ആയുർവേദവും നാട്ടുവൈദ്യവും സ്വായത്തമാക്കിയിട്ടുണ്ട് പങ്കജാക്ഷിയമ്മ. നാടിന്റെ സ്വന്തം കലാരൂപത്തിന്, കലാകാരിക്ക് അംഗീകാരം തേടിയെത്തുമ്പോൾ അഭിമാനത്തിലാണ് മോനിപ്പള്ളി ഗ്രാമം. ഇന്നലെ വൈകിട്ട് ഡൽഹിയിൽ നിന്ന് ബന്ധപ്പെട്ടാണ് അവാർഡ് വിവരം കൈമാറിയത്. സംസാരിക്കാൻ വാക്കുകൾക്ക് വ്യക്തതയില്ലെങ്കിലും, പങ്കജാക്ഷിയമ്മക്ക് കാര്യങ്ങളെല്ലാം മനസിലായിട്ടുണ്ട്. പുരസ്‌കാര വിവരമറിഞ്ഞ് മകൾക്കും കൊച്ചുമകൾക്കുമൊപ്പം പങ്കജാക്ഷിയമ്മ താമസിക്കുന്ന വീട്ടിലേക്ക് നാട്ടുകാർ അഭിനന്ദനവുമായി എത്തുകയാണ്.