വൈക്കം: കർഷകരുടെ പ്രതിഷേധങ്ങൾക്കൊടുവിൽ വടയാർ മുട്ടുങ്കൽ പാലത്തിനുസമീപം ഒരുമുട്ട് സ്ഥാപിച്ചു. ഡിസംബർ ആദ്യവാരത്തിൽ ഉറപ്പിക്കേണ്ട മുട്ട് ജനുവരി പകുതി പിന്നിട്ടിട്ടും ഇടാതായതോടെ വടയാർ മുണ്ടാർ മേഖലകളിലെ മൂവായിരം ഏക്കർ കൃഷി ഓരു വെള്ള ഭീഷണിയിലായിരുന്നു. വേമ്പനാട്ട് കായലിൽ ഓരിനു ശക്തി കൂടിയതോടെ മുട്ടില്ലാത്തതിനാൽ ഉപ്പുവെള്ളം കയറി നെൽകൃഷിക്കൊപ്പം ജാതി, വാഴ, പച്ചക്കറികൃഷികളും നശിക്കുമെന്ന ആശങ്കയിലായിരുന്നു കർഷകർ. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച കിസാൻസഭയുടെ നേതൃത്വത്തിൽ ഇറിഗേഷൻ ഓഫീസ് ഉപരോധിച്ചിരുന്നു. തുടർന്ന് അസി. എഞ്ചിനീയർ വടയാർ മുട്ടുങ്കലിൽ എത്തി മുട്ട് സ്ഥാപിക്കുന്ന ജോലികൾ അടിയന്തിരമായി പൂർത്തീകരിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ നിർമാണം ആരംഭിച്ചപ്പോൾ ചില കോണുകളിൽനിന്ന് ഇതിനെതിരെ വിമർശനം ഉയർന്നത് നിർമാണം തടസ്സപ്പെടുമെന്ന സാഹചര്യമുണ്ടായി. തുടർന്ന് കർഷകരുടെ ആശങ്ക കണക്കിലെടുത്ത് സി.കെ ആശ എം.എൽ.എയും സംയുക്ത സമരസമിതിയും പ്രശ്‌നത്തിൽ ഇടപെതോടെ നിർമാണം വേഗത്തിലാവുകയും ശനിയാഴ്ചയോടെ മുട്ട് സ്ഥാപിക്കൽ ജോലികൾ പൂർത്തിയാവുകയുമായിരുന്നു.