കോട്ടയം: പൊള്ളുന്ന ചൂടാണ്. കോടമഞ്ഞ് പുതച്ചുനിൽക്കുന്ന മലയോരമേഖല പോലും ചൂടിൽ പുകയുകയാണ്. ഇതിനിടെയാണ് കരിഞ്ഞുണങ്ങിയ പുരയിടങ്ങൾക്ക് തീകൊളുത്താൻ ചിലർ രംഗത്തിറങ്ങിയിരിക്കുന്നത്. കരിഞ്ഞുണങ്ങിക്കിടക്കുന്ന പുല്ലിന് തീയിടുന്നത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുമെന്ന് അവർ ചിന്തിക്കുന്നില്ല. മലയോര പ്രദേശങ്ങളായ ഈരാറ്റുപേട്ട,​ വാഗമൺ,​ എരുമേലി,​ മുണ്ടക്കയം തുടങ്ങിയ സ്ഥലങ്ങളിൽ പുല്ലിന് അലക്ഷ്യമായി തീയിടുന്നത് വ്യാപകമാണ്.

കത്തുന്ന വെയിലിൽ തീ ആളിപ്പടരുന്നതോടെ ഏക്കർ കണക്കിന് സ്ഥലം കത്തിനശിക്കുന്നത് പതിവാണ്. വെയിലിനൊപ്പം വീശിയിടിക്കുന്ന ശക്തിയേറിയ കാറ്റാണ് തീ ആളിപ്പടരാൻ പ്രധാന കാരണം. സമീപകാലത്ത് ഏക്കർകണക്കിന് റബർ ഉൾപ്പെടെയുള്ള കൃഷിയിടങ്ങൾ ഇത്തരത്തിൽ കത്തിനശിച്ചിരുന്നു. അലക്ഷ്യമായുള്ള തീയിട്ടതിലൂടെ കൃഷി നശിച്ചതുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളിൽ നിരവധി പരാതികളും ഇതിനകം ഉയർന്നിട്ടുണ്ട്. വാഗമൺ വഴിക്കടവിന് സമീപം കഴിഞ്ഞദിവസം തീപർന്നിരുന്നു. ഇവിടെ ഏക്കർ കണക്കിന് കൃഷി ഭൂമിയാണ് കത്തിനശിച്ചത്. കഴിഞ്ഞവർഷം മുരുകൻമലയ്ക്ക് സമീപം തീയിട്ടത് വലിയ വിവാദത്തിന് കാരണമായിരുന്നു. ഫലവൃക്ഷത്തൈകൾ ഉൾപ്പെടെയുള്ളവയാണ് അന്ന് അഗ്നിക്കിരയായത്.

വിയർപ്പൊഴുക്കി ഫയർഫോഴ്സ്

വേനൽക്കാലത്തെ തീപിടിത്തം ഫയർഫോഴ്സിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ദുരന്തഭൂമിയിലേക്ക് കുതിച്ചെത്തുന്ന അഗ്നിശമനസേനയ്ക്ക് അതിവേഗത്തിൽ ടാങ്കിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനമില്ല. ജല അതോറി​ട്ടിയുടെ പൈപ്പിലൂടെ എത്തുന്ന വെള്ളം ടാങ്കറുകളിൽ നിറച്ച് സൂക്ഷിക്കുകയാണ് പതിവ്. അല്ലെങ്കിൽ വാട്ടർ അതോറി​ട്ടിയുടെ പമ്പിംഗ് സ്​റ്റേഷനുകളിലെത്തി അനുവാദം വാങ്ങിയ ശേഷം വെള്ളം നിറയ്ക്കണം. വൻ അഗ്‌നിബാധയാണ് ഉണ്ടാകുന്നതെങ്കിൽ ഇങ്ങനെ വെള്ളം നിറച്ച് അപകട സ്ഥലത്ത് എത്തുമ്പോഴേക്കും എല്ലാം കത്തിയമർന്നിരിക്കും. ഇത്തരം ദുർഘടങ്ങളെ അതിജീവിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ചെറുവാഹനങ്ങൾക്ക് പോലും കടന്നുചെല്ലാൻ കഴിയാത്ത പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനവും ശ്രമകരമാണ്.