കോട്ടയം: ജില്ലയിലെ പത്ത് പഞ്ചായത്തുകൾ തരിശ് രഹിതമാകുമ്പോൾ സന്തോഷിക്കുന്നത് കർഷകരല്ല,​ കൊയ്ത്തു യന്ത്രമാഫിയകളാണ്. എത്ര ഹെക്ടറിൽ കൃഷി ചെയ്യാലും കൊയ്തെടുക്കണമെങ്കിൽ ഇടനിലക്കാർ ചോദിക്കുന്ന പണം കൊടുത്തേ മതിയാവൂ. കൊയ്ത്ത് യന്ത്രമാഫിയയെ നിലയ്ക്ക് നിറുത്തണമെന്ന കർഷകരുടെ കാലങ്ങളായുള്ള ആവശ്യം നടപ്പാകുന്നില്ല.

പാടം കൊയ്യാറാകുമ്പോൾ ഇടനിലക്കാർ ചൂഷണത്തിന്റെ ചിറകുമായി വട്ടമിടും. കൊയ്ത്ത് യന്ത്രത്തിന്റെ കൂലി ഏകീകരിച്ചിട്ടില്ല. മണിക്കൂറിന് 1400 രൂപ വാടക പറഞ്ഞാണ് തുടങ്ങുക. ഡിമാൻഡ് കൂടുന്നതോടെ 2200 വരെ വാങ്ങുമെന്നതാണ് കർഷകരുടെ അനുഭവം. ഒരേ സമയം കൊയ്ത്ത് നടക്കുന്നതിനാൽ യന്ത്രത്തിന് ഡിമാൻഡ് വർദ്ധിക്കും. പാടങ്ങളിൽ കൊയ്ത്തു യന്ത്രം താഴുമെന്നതാണ് വാടക കൂട്ടുന്നതിന് പറയുന്ന ന്യായം.

ചൂഷണം ഏജന്റുമാരുടേത്

തമിഴ്‌നാട്, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ഇടനിലക്കാർ അപ്പർകുട്ടനാട്ടിലേയ്ക്കുള്ള കൊയ്ത്ത് യന്ത്രമെത്തിക്കുന്നത്. സർക്കാരിനോ കൃഷി വകുപ്പിനോ ഒരു റോളുമില്ല. സമയത്ത് കൊയ്യേണ്ടതിനാൽ പറയുന്ന വാടക നൽകുകയേ തരമുള്ളൂ. യന്ത്രങ്ങളുടെ വാടക ഏകീകരിക്കുന്നത് സംബന്ധിച്ച് ഇടപെടണമെന്ന കർഷകരുടെ ആവശ്യം ഇതുവരെ നടപ്പായില്ല. ഇപ്പോൾ നടക്കുന്ന പുഞ്ചക്കൊയ്ത്തിനും ഇതുതന്നെയാണ് സ്ഥിതി.

തുരുമ്പെടുക്കുന്നത് 2 യന്ത്രങ്ങൾ

കോട്ടയം നഗരസഭയുടെ നാട്ടകം സോണൽ ഓഫീസിൽ രണ്ട് കൊയ്ത്ത് യന്ത്രങ്ങൾ തുരുമ്പെടുത്ത് കിടക്കാൻ തുടങ്ങിയിട്ട് വർഷം കുറേയായി. ഇതുവരെ നന്നാക്കിയിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ കൊയ്ത്ത് യന്ത്രങ്ങളും കേടായി കിടക്കുകയാണ്.

സർക്കാരിന് ഇടപെടാം

ഇടനിലക്കാരെ ഒഴിവാക്കാൻ കൃഷിവകുപ്പ് നേരിട്ട് യന്ത്രം എത്തിക്കണം

സർക്കാർ സംവിധാനമില്ലെങ്കിൽ പാടശേഖരസമിതിക്ക് ചുമതല നൽകാം

കൂലി ഏകീകരണം നടപ്പാക്കണം,അമിത കൂലിക്കെതിരെ നടപടി വേണം

'' കൊയ്ത്ത് യന്ത്ര ഉടമകളേയും ഏജന്റുമാരേയും പങ്കെടുപ്പിച്ച് ജില്ലാതല യോഗം വിളിച്ചുകൂട്ടി കൊയ്ത്ത് യന്ത്ര വാടക നിശ്ചയിക്കണം. അല്ലെങ്കിൽ ചൂഷണം അവസാനിക്കില്ല''

എം.കെ.ദിലീപ് (സെക്രട്ടറി, അപ്പർ കുട്ടനാട് കാർഷിക വികസന സമിതി)