കോട്ടയം : ചൂട് കൂടിവരികയാണ്. യാത്രകൾ സുഗമമവും സുരക്ഷിതവുമാക്കാൻ അല്പം വാഹന കാര്യം. അന്തരീക്ഷത്തിലെ താപനിലയിൽ വരുന്ന വ്യത്യാസം വാഹനങ്ങളിലും മാറ്റം വരുത്തും. വാഹനങ്ങൾക്ക് തീപിടിക്കുന്നത് അടക്കമുള്ള അപകടങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ മുൻകരുതൽ നിർദ്ദേശിക്കുകയാണ് ഫയർഫോഴ്സ്. വാഹനങ്ങളിലെ എൻജിൻ അമിതമായി ചൂടാകുന്നതോ ഇലക്ട്രിക്ക് സിസ്റ്റത്തിൽ വരുന്ന തകരാറുകളോ ആണ് തീപിടിക്കാനുള്ള കാരണം. കൂടാതെ ചരക്കു കയറ്റി എത്തുന്ന വാഹനങ്ങൾ വൈദ്യുത കമ്പിയിൽ തട്ടിയും അപകടം സംഭവിക്കാറുണ്ട്. വാഹനത്തിലുണ്ടാകുന്ന ചെറിയ തീ പോലും ഇന്ധനങ്ങളുടെ സാന്നിദ്ധ്യം കാരണം ആളിപ്പടർന്നു വലിയ അപകടങ്ങളുണ്ടാക്കും.
ശ്രദ്ധിക്കാം ഇവ
കൃത്യമായ ഇടവേളകളിൽ സർവീസ് നടത്തുക
സർവീസ് ചെയ്യുമ്പോൾ ഇലക്ട്രിക് സിസ്റ്റം, എൻജിൻ, ഇന്ധനഭാഗങ്ങൾക്ക് തകരാറില്ലെന്ന് ഉറപ്പാക്കുക
ഓയിൽലീക്ക് ഇടയ്ക്ക് പരിശോധിക്കുക
ഓടുന്ന വാഹനത്തിന് തീപിടിച്ചാൽ
വേഗം കുറച്ചു റോഡിന് വശത്തേയ്ക്കു പരമാവധി ഒതുക്കി നിറുത്തുക
എൻജിൻ ഓഫ് ചെയ്തശേഷം വാഹനത്തിനു പുറത്തു കടക്കുക
ഫയർഫോഴ്‌സിന്റെ എമർജൻസി നമ്പറിൽ (101) വിളിച്ചു വിവരമറിയിക്കുക
ഫയർ എക്സ്റ്റിൻഷർ ഉണ്ടെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു തീയണയ്ക്കാൻ ശ്രമിക്കുക
തീ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ വാഹനം ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനത്തേയ്ക്കു മാറി നിൽക്കുക
സംഭവസ്ഥലത്ത് എത്തുന്ന വാഹനങ്ങൾക്കും കാഴ്ചക്കാർക്കും മുന്നറിയിപ്പു നൽകുക, ദൂരേയ്ക്ക് മാറ്റുക