sweekaranam

വൈക്കം : ഉദയനാപുരം ഓർശ്ലേം മേരി ഇമ്മാക്കുലേ​റ്റ് പള്ളിയുടെ ശതാബ്ദി ആഘോഷ സമാപനവും പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളും 31 മുതൽ ഫെബ്രുവരി 2 വരെ ആഘോഷിക്കും.
1920 ൽ സ്ഥാപിതമായ പള്ളിയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപനം ഫെബ്രുവരി 2 ന് രാവിലെ 11.30 ന് ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് ഓടനാട്ട് അദ്ധ്യക്ഷത വഹിക്കും. ശതാബ്ദി സമാപനത്തിന്റെ ഭാഗമായി പള്ളിപ്പുറം ഫൊറോന പള്ളിയിൽ നിന്നും ഓർശ്ലേം പള്ളിയിലേക്ക് ദീപശിഖ പ്രയാണം നടത്തി. പള്ളിപ്പുറം ഫൊറോന വികാരി ഫാ. ജോസ് ഒഴലക്കാട്ട് മലയാ​റ്റൂർ പള്ളിവികാരി ഫാ. വർഗ്ഗീസ് മണവാളന് ദീപശിഖ കൈമാറി . പള്ളിപ്പുറത്തുനിന്ന് ദീപശിഖാപ്രയാണം കായൽ മാർഗ്ഗം ഓർശ്ലേം പള്ളിയിലേക്ക് പുറപ്പെട്ട് പള്ളിക്കവാടത്തിൽ എത്തിയ ദീപശിഖാ പ്രയാണം ഇടവക ജനങ്ങൾ അൾത്താരയിലേക്ക് സ്വീകരിച്ചാനയിച്ചു.
വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ആൽബിൻ പാറേക്കാട്ടിൽ, ഫാ. ടോണി മാണിക്യത്താൻ, പള്ളിഭാരവാഹികളായ വക്കച്ചൻ കടവിൽ, അപ്പച്ചൻ അമലത്ത്, റെജോ കടവൻ എന്നിവർ നേതൃത്വം നൽകി. അമലോത്ഭവ മാതാവിന്റെ തിരുനാളിന് 31 ന് വൈകിട്ട് 6.30 ന് വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ കൊടിയേ​റ്റും. ഫാ. ജോൺ കടവൻ കുർബാന അർപ്പിക്കും. ഫെബ്രുവരി 1 ന് രാവിലെ ഫാ. ജിജോ കടവൻ ദിവ്യബലി അർപ്പിക്കും. ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേൻ അനുഗ്രഹ പ്രഭാഷണം നടത്തും. 2 ന് നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമ്മികനാകും. തുടർന്ന് പ്രദക്ഷിണം നടക്കും.