a

പാലാ: കാട്ടുപള്ളകൾക്കിടയിൽ കുരുന്നുകൾക്കൊരു അങ്കണവാടി. ടൗണിന്റെ ഒത്ത നടുവിൽ സബ് ജയിലിന് എതിർവശത്തായുള്ള അങ്കണവാടിയുടെ പരിസരം കണ്ടാൽ മുതിർന്നവർ പോലും ഭയക്കും; ഇവിടെ പാമ്പുകൾ കാണാതിരിക്കില്ല!. ഒരു പത്തടി കൂടി അപ്പുറത്തേയ്ക്ക് കണ്ണ് പായിച്ചാൽ ഉയരത്തിൽ വച്ചിട്ടുള്ള ഒരു വാട്ടർ ടാങ്ക് കാണാം. കാട്ടു വള്ളിപ്പടർപ്പുകൾ ചുറ്റിവരിഞ്ഞൊരു വാട്ടർ ടാങ്ക്. അങ്കണവാടിയിലേക്ക് വെള്ളമെടുക്കാനുള്ള അഴുക്ക് ടാങ്ക്. ഇതോടെ കുടിവെള്ളത്തിനായി അടുത്തുള്ള വീടുകളെ സമീപിക്കുകയാണിപ്പോൾ അങ്കണവാടി ജീവനക്കാർ. കുട്ടികൾക്ക് കളിക്കാൻ അങ്കണവാടിയുടെ മുറ്റത്ത് സൗകര്യമില്ല. ഇവിടെ കാർ പാർക്കിംഗ് കേന്ദ്രമാണ്.

അതു കൊണ്ടു തന്നെ കുട്ടികൾക്ക് കളിക്കാനായി മുറ്റത്തൊരുക്കിയ ഊഞ്ഞാലും മറ്റും ഇപ്പോൾ കാഴ്ചവസ്തുവാണ്. 15 കുട്ടികളാണിപ്പോൾ ഇവിടെയുള്ളത്.

. അടുത്തിടെ ഒരു സർക്കാർ സ്‌കൂളിൽ ഒരു പെൺകുട്ടി പാമ്പുകടിയേറ്റു മരിച്ച സംഭവമുണ്ടായതോടെ ഈ അങ്കണവാടിയുടെ പരിസരത്തെ കാടും തിരക്കിട്ട് വെട്ടി നീക്കിയിരുന്നു. വീണ്ടും മുറ്റം കാടുകയറി മൂടിയിട്ടും ജീവനക്കാർക്കും , മറ്റ് അധികാരികൾക്കും ഒരു കൂസലുമില്ല.

 ആര് സമാധാനം പറയും

മുറ്റത്തെ കാടും പടലുമെങ്കിലും ഒന്നു തെളിച്ചു കൂടെയെന്നാണ് രക്ഷകർത്താക്കൾ ചോദിക്കുന്നത്. ഈ വാട്ടർ ടാങ്കിലെ വെള്ളം കുട്ടികളുടെ കാര്യത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശിച്ചിട്ടും അതും കേട്ട പാതി കേൾക്കാത്ത പാതിയെന്ന് രക്ഷകർത്താക്കളുടെ പരാതി. അങ്കണവാടിക്കു തൊട്ടു പിന്നിലെ കാട്ടുപള്ളകൾ ഇഴജന്തുക്കളുടെ കേന്ദ്രമാണ്. എന്തെങ്കിലും അത്യാപത്ത് സംഭവിച്ചാൽ ആര് സമാധാനം പറയും....? രക്ഷിതാക്കളുടെ ചോദിക്കുന്നു