കോട്ടയം: മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി 25 വർഷമായി തരിശ് കിടന്നിരുന്ന ഇരുനൂറേക്കറുള്ള കാക്കൂർ-ചമ്പംവേലി പാടം കൃഷിയോഗ്യമാക്കാനായി ജനകീയ കൂട്ടായ്മ രംഗത്ത്. ഇതോടനുബന്ധിച്ച് കോട്ടയം നഗരസഭ, ജലസേചന വകുപ്പ്, കൃഷി വകുപ്പ് തുടങ്ങിയവരുടെ സഹകരണത്തോടെ 60 ദിവസം തുടർച്ചയായി നാല് ഹിറ്റാച്ചി യന്ത്രങ്ങൾ ഉപയോഗിച്ച് പുല്ലുകളും ചെറിയ മരങ്ങളും നീക്കം ചെയ്ത് പാടം കൃഷിയോഗ്യമാക്കി. എബി കുന്നേപ്പറമ്പിലിന്റെ നേതൃത്വത്തിലുള്ള പാടശേഖര സമിതിയാണ് ഇവിടെ കൃഷിയിറക്കുന്നത്. മന്ത്രി വി.എസ്. സുനിൽകുമാർ തരിശ് നില കൃഷി ഉദ്ഘാടനം ചെയ്തു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. കൃഷി വകുപ്പ് തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ആരോഗ്യ വകുപ്പുമായും ചേർന്ന് നടത്തുന്ന ജീവനി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ചെറുകിട ജലസേചന വകുപ്പ് എക്‌സി.എൻഞ്ചീനിയർ കെ.കെ. അൻസാർ, അസി.എൻഞ്ചിനീയർ വി.സി. ലാൽജി, ജില്ലാ കൃഷി ഓഫീസർ ബോസ് ജോസഫ്, കൃഷി അസി. ഡയറക്ടർ മിനി എസ്. തമ്പി, അഗ്രി. അസി. എൻഞ്ചീനിയർ മുഹമ്മദ് ഷെരീഫ, നഗരസഭ ഉപാദ്ധ്യക്ഷ സൂസൻ കുഞ്ഞുമോൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, സി.പി.എം കോട്ടയം ഏരിയാ സെക്രട്ടറി ബി. ശശികുമാർ, ലോക്കൽ സെക്രട്ടറി എസ്.ഡി. രാജേഷ്, വാർഡ് കൗൺസിലർ സുരേഷ് ബാബു, ജില്ലാ ലേബർ ഓഫീസർ പി.ജി. വിനോദ്കുമാർ, തുടങ്ങിയവർ പങ്കെടുത്തു.