akhil

കോട്ടയം: കഞ്ചാവ് മാഫിയ‌ക്കെതിരെ പരാതി നൽകിയതിനു വീട്ടമ്മയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച കേസിൽ ഗുണ്ടാ സംഘാംഗമായ യുവാവ് അറസ്റ്റിൽ. അതിരമ്പുഴ പള്ളിപ്പറമ്പിൽ അഖിൽ ജോസഫിനെയാണ് (26) ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തത്. അതിരമ്പുഴ സ്വദേശിയായ താമരാക്ഷൻ കഞ്ചാവ് മാഫിയക്കെതിരെ പരാതി നൽകിയെന്നാരോപിച്ചാണ്, ഇദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും ഗുണ്ടാ സംഘം രണ്ടാഴ്‌ച മുൻപ് വീട്ടിൽ കയറി ആക്രമിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എട്ടു മാസം മുൻപ് താമരാക്ഷനെയും ഗുണ്ടാ ആക്രമി സംഘം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു.

അതിരമ്പുഴ , ആർപ്പൂക്കര , നാൽപ്പാത്തി മല എന്നിവിടങ്ങളിൽ എറണാകുളത്തു നിന്നും കഞ്ചാവും മറ്റ് ലഹരി മരുന്നുകളും എത്തിച്ച് വിൽപ്പന നടത്തുന്ന സംഘം ഗുണ്ടാ സംഘങ്ങളുടെ തണലിൽ സജീവമായി പ്രവർത്തിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഈ പരാതികൾക്കു പിന്നിൽ താമരാക്ഷനാണ് എന്ന് സംശയിച്ചാണ് ഗുണ്ടാ സംഘം ആക്രമണം നടത്തിയത്. . ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം , ഡിവൈ.എസ്.പി ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ ബിനു , സിവിൽ പൊലീസ് ഓഫിസർമാരായ ഗിരീഷ് , അനീഷ് , ബാബു , രാഗേഷ് എന്നിവർ ചേർന്നാണ് ഒളിവിലായിരുന്ന അഖിലിനെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അതിരമ്പുഴ നാൽപ്പാത്തിമല പെരുമ്പറമ്പിൽ ജോബിസ് ജോർജ് (20) റിമാൻഡിലാണ്.