കോട്ടയം: ഒറ്റയ്‌ക്കു താമസിക്കുന്ന വീട്ടിൽ വ്യാജവാറ്റ് നടത്തിയ യുവതി പിടിയിൽ. പൊൻകുന്നം സബ് ജയിലിനു സമീപം കുഴിക്കണ്ടത്തിൽ വീട്ടിൽ ഉഷ (ഷക്കീല - 43)യെയാണ് ജില്ലാ പൊലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ജില്ലയിൽ ലഹരി മരുന്നുകളുടെ വ്യാപനം തടയുന്നതിനായി ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവിന്റെ നിർദേശാനുസരണം പൊലീസ് പരിശോധന നടത്തി വരികയായിരുന്നു. നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സിന്റെ നേതൃത്വത്തിൽ ഉഷയുടെ വീട്ടിലും പരിസരത്തും ദിവസങ്ങളോളമായി രഹസ്യ നിരീക്ഷണം നടത്തിവരികയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറിന്റെ നിർദേശപ്രകാരം പൊൻകുന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വിജയരാഘവന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം റിപ്പബ്ലിക്ക് ദിനത്തിൽ ഇവരുടെ വീട്ടിൽ പരിശോധന നടത്തി.
ഒന്നര ലിറ്റർ വാറ്റിയ ചാരായം, 20 ലിറ്റർ കോട്, വാറ്റ് ഉപകരണങ്ങൾ, കന്നാസുകൾ എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു. പൊൻകുന്നം എസ്.ഐ കെ.ബി സാബു, സിവിൽ പൊലീസ് ഓഫിസർ അനീഷ്, വനിതാ സിവിൽ പൊലീസ് ഓഫിസർ ഷൈമാ ബീഗം, ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ തോംസൺ കെ.മാത്യു, പ്രതീഷ് രാജ്, കെ.ആർ അജയകുമാർ എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.