kob-kabeel

തലയോലപ്പറമ്പ്: ടൂറിസ്റ്റ് ബസ് ഓട്ടോയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഭാര്യാമാതാവിനും ഓട്ടോറിക്ഷ ഡ്രൈവർക്കും പരിക്കേറ്റു. മകൾ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെച്ചൂർ അംബികാമാർക്കറ്റ് കളത്തിൽ (കബിൽ ഭവനിൽ ) ബോസിന്റെ മകൻ കബിൽബോസ് (36) ആണ് മരിച്ചത്.അപകടത്തിൽഗുരുതരമായി പരിക്കേറ്റ കബിലിന്റെ ഭാര്യ വൈക്ക പ്രയാർ അമൃതകൃപയിൽ നവ്യയെയും (30) നവ്യയുടെ മാതാവ് തുളസിദാസ് (60) ഓട്ടോറിക്ഷ ഡ്രൈവർ വൈക്കപ്രയാർ പാണയിൽ ചിറയിൽ രമേശൻ (58) എന്നിവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 9.30 ഓടെ തലയോലപ്പറമ്പ് കാർണിവൽ തിയേറ്ററിന് മുൻവശത്താണ് അപകടം. തീയേറ്ററിൽ നിന്നും സിനിമ കണ്ടശേഷം വൈക്കപ്രയാറിലുള്ള കബിലിന്റെ ഭാര്യ വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ എറണാകുളത്തു നിന്നും കോട്ടയം ഭാഗത്തേക്ക് അമിത വേഗത്തിൽ പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ ഉടൻ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കബിൽ മരിച്ചു. ഗൾഫിലായിരുന്ന കബിൽ ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഒന്നര വയസുള്ള നൈനിക ഏക മകളാണ്. മാതാവ്: ഗിരിജ,സഹോദരി: കവിത. തലയോലപ്പറമ്പ് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്‌ക്കാരം നടത്തി.