തലയോലപ്പറമ്പ്: തൊഴിലുറപ്പ് പണിക്കിടെ തെങ്ങ് കടപുഴകി വീണ് തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മ മരിച്ചു.കൂടെയുണ്ടായിരുന്ന മറ്റൊരു യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.മറവൻതുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം കൊടൂപ്പാടത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം. തോട്ടിറമ്പിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ തൊട്ടടുത്ത പുരയിടത്തിലെ ദ്രവിച്ചു നിന്നിരുന്ന തെങ്ങ് തൊഴിലാളികൾ നിന്ന ഭാഗത്തേക്ക് കടപുഴകി വീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിമാറുന്നതിനിടെ തെങ്ങിന്റെ തല ഭാഗം തൊഴിലാളികൾക്ക് മേലെ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുലശേഖര മംഗലം കൊടൂപ്പാടം നാലുപടവിൽ സോളി ഔസേഫ് (46) കൊടൂപ്പാടം പുത്തൻ തറവിട്ടിൽ സുശീല (40) എന്നിവരെ കൂടെയുണ്ടായിരുന്ന മറ്റ് സഹപ്രവർത്തകർ ഉടൻ ചെമ്മാനകരി ഇൻഡോഅമേരിക്ക ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് 5.30 ഓടെ സോളി മരിച്ചു.കലിന് ഗുരുതരമായി പരിക്കേറ്റസുശീലചികിത്സയിലാണ്. മരിച്ച സോളി ഔസേഫ് ചേർത്തല മായിത്ര കാട്ടശേരിൽ കുടുംബാംഗമാണ്. മൃതദേഹം ചെമ്മനാകരി ആശുപത്രിമോർച്ചറിയിൽ. ഭർത്താവ്: ഔസേഫ്. മക്കൾ: എൻ.ഒ.ജിതിൻ (ഫാർമേഴ്‌സ് ബാങ്ക്, തലയോലപ്പറമ്പ് ), എൻ.ഒ.ജിഫിൻ (കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജ് വിദ്യാർത്ഥി ), എൻ.ഒ. ജീവ (വൈക്കം സെന്റ് തെരേസാസ് വിദ്യാർത്ഥി ). സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30 ന് ചെമ്പ് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.