കോട്ടയം: പൂവൻതുരുത്ത് റെയിൽവേ മേൽപാലത്തിന്റെ പൊളിക്കൽ തുടക്കത്തിലെ മുടങ്ങിയ നിലയിൽ. പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി 15ന് ഇതുവഴി ഗതാഗതം നിരോധിക്കുകയും പാലം പൊളിക്കാൻ തുടങ്ങുകയും ചെയ്തിരുന്നെങ്കിലും ഒരു ദിവസത്തെ പണിക്ക് ശേഷം പ്രവർത്തനം മുടങ്ങി. പാലത്തിന്റെ ഇരുവശത്തെയും റോഡിന്റെ കുറേ ഭാഗം കുഴിക്കുകയും ചെയ്തിരുന്നു. പാലത്തിലൂടെ ഗതാഗതം നിരോധിച്ചതോടെ പ്രദേശവാസികളാണ് ദുരിതത്തിലായത്. കോട്ടയത്ത് നിന്ന് ചിങ്ങവനത്തിന് പോകുന്ന ബസുകൾ പ്ലാമൂട് കവലയിൽ നിന്ന് തിരിഞ്ഞ് ചാന്നാനിക്കാട് വഴിയാണ് സർവിസ് നടത്തുന്നത്. പൂവൻതുരുത്ത് സബ്‌സ്റ്റേഷനിലേക്കും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലേക്കുമുള്ള വാഹനങ്ങൾ സ്‌കൂൾ ബസുകൾ എന്നിവയുടെയും യാത്രാ ദുരിതത്തിലായി.

 നാല് മാസം കൊണ്ട് പാലം പുനർനിർമ്മിക്കുമെന്ന് അധികൃതർ

നാല് മാസം കൊണ്ട് പാലം പുനർനിർമ്മിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ തുടക്കത്തിലെ പണികൾ മുടങ്ങിയതിനാൽ ആ പ്രഖ്യാപനം നടക്കില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക. പാലത്തിന്റെ പണികൾ നടത്താതിരിക്കുന്നതിൽ നാട്ടുകാർ പ്രതിഷേധത്തിലാണ്. കഞ്ഞിക്കുഴിയിലെയും ചിങ്ങവനത്തെയും മേൽപാലങ്ങളുടെ നിർമാണം പറഞ്ഞ സമയത്ത് പൂർത്തിയാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ നിർദിഷ്ട സമയത്ത് പാലം പണി പൂർത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.