കോട്ടയം : നട്ടാശേരിയിൽ കുമാരനല്ലൂർ ക്ഷേത്രത്തിലെ ഗാനമേള നടക്കുന്നതിനിടെ രണ്ടുപേരെ ആക്രമിച്ച കേസിൽ പ്രധാന പ്രതി പിടിയിൽ. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പെരുമ്പായിക്കാട് പാറമ്പുഴ ആനിക്കൽ വീട്ടിൽ ജിബിൻ ജോർജിനെ (23)യാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തത്. കുമാരനല്ലൂർ കാർത്തിക ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് എഴുന്നെള്ളിപ്പിനിടെയാണ് കഞ്ചാവ്, ഗുണ്ടാ മാഫിയ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തിൽ നട്ടാശേരി മാടപ്പള്ളി ശശികുമാർ (52), നട്ടാശേരി അശോകഭവനിൽ അശോകൻ (47) എന്നിവർക്കു പരിക്കേറ്റിരുന്നു.
പ്രതികളായ പാറമ്പുഴ ലക്ഷംവീട് കോളനിയിൽ മഹേഷ് (23), പാറമ്പുഴ അത്യാർകുളം അനന്തു (സുധി -22), ചവിട്ടുവരി ഒറ്റപ്ലാക്കൽ ശ്രീദേവ് (18) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരുന്നു. ഇവർ ഇപ്പോഴും റിമാൻഡിലാണ്.