പാറത്തോട്: ചോറ്റി മാങ്ങാപ്പാറയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ചിറ്റടി സ്വദേശി പ്ലാച്ചേരിയിൽ സന്തോഷ് (46) ആണ് മരിച്ചത്. പരിക്കേറ്റ ചോറ്റി മാങ്ങാപ്പാറ സ്വദേശി വെട്ടത്ത് ജിതിൻ ജോഷി (30) കാഞ്ഞിരപ്പള്ളി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ 12.30 നാണ് സംഭവം. മാങ്ങാപാറയിൽ നിന്നും ചിറ്റടിയിലേക്ക് മടങ്ങിവരികേ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തകിടം മറിയുകയായിരുന്നു. ഒരു മണിക്കൂറിനുശേഷം ഇതുവഴി എത്തിയ ബൈക്ക് യാത്രക്കാരനാണ് അപകടത്തിൽപ്പെട്ട കാർ കാണുന്നത്. ത്രിവേണിയിലുള്ള തന്റെ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവസ്ഥലത്തു തന്നെ സന്തോഷ് മരിച്ചിരുന്നതായി രക്ഷാപ്രവത്തനം നടത്തിയവർ പറയുന്നു. പരേതരായ രാമകൃഷ്ണൻ ആചാരി തങ്കമ്മ ദമ്പതികളുടെ മകനാണ്. സംസ്‌കാരം നടത്തി.